കാമറാക്കണ്ണില്‍ കണ്ണൂര്‍ സിറ്റി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധി ഇനി കാമറാക്കണ്ണില്‍. പൊലിസ് സ്റ്റേഷനുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക സംവിധാനങ്ങളോടെ നിരീക്ഷണ കാമറ സംവിധാനം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ പൊലിസ് മൊബൈല്‍ പട്രോളിങ് വാഹനങ്ങളില്‍ സ്ഥാപിച്ച സിസി.ടി.വി കാമറകള്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ബോഡി കാമറകള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അറക്കല്‍ കൊട്ടാരം, കണ്ണൂര്‍ കോട്ട, ജില്ലാ ആശുപത്രി പരിസരം, കന്റോണ്‍മെന്റ് പരിസരം, ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ്, പ്രധാന കവലകള്‍, സ്‌കൂള്‍ പരിസരം തുടങ്ങിയ ഇടങ്ങളില്‍ 40ഓളം കാമറകളാണ് സ്ഥാപിച്ചത്.
കുറ്റകൃത്യങ്ങള്‍ തടയുക, ലഹരി വസ്തുകളുടെയും മയക്കുമരുന്ന് ഉപയോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, കുട്ടികളെ തട്ടികൊണ്ടുപോവുന്ന സംഘങ്ങള്‍, പെണ്‍കുട്ടികുട്ടികളെ ശല്യം ചെയ്യുന്നവര്‍, ഹെല്‍മറ്റ്-സീറ്റ് ബെല്‍ട്ട് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍, വാഹനങ്ങളുടെ ഓവര്‍ സ്പീഡ്, മാലിന്യം തള്ളുന്നവര്‍ എന്നിവരെ ലക്ഷ്യം വച്ചാണ് പദ്ധതി.
സി.സി.ടി.വി കാമറകളുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തികരിച്ചത്. ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം അധ്യക്ഷനായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, കൗണ്‍സിലര്‍ ടി. ആശ, ടി.കെ രത്‌നകുമാര്‍, കെ. രാജേഷ്, യു. പുഷ്പരാജ്, മുഹമ്മദ് കുഞ്ഞി, സിയാല്‍ വീട്ടില്‍ ഫസല്‍, കെ.വി പ്രമോദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."