ഒപ്പം നിന്നാല്‍ ശമ്പളം മുടങ്ങില്ല: തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡിയായി ചുമതലയേല്‍ക്കുന്നതും വ്യത്യസ്തമാക്കി ടോമിന്‍ ജെ. തച്ചങ്കരി. ഇന്നലെ രാവിലെയാണ് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ചുമതലയേല്‍ക്കാനായി അദ്ദേഹം എത്തിയത്. ജീവനക്കാര്‍ക്കു മുന്നില്‍ തബല വായിച്ചാണ് തച്ചങ്കരി ചുമതലയേറ്റത്. രാവിലെ 11നായിരുന്നു പുതിയ എം.ഡി മുഴുവന്‍ ജീവനക്കാരുടെയും യോഗം വിളിച്ചത്.
തന്നെ തബല വായിക്കാന്‍ പഠിപ്പിച്ച ഗുരുവാണിതെന്ന് പരിചയപ്പെടുത്തി വിരമിച്ച കണ്ടക്ടറെ അടുത്തുനിര്‍ത്തിയായിരുന്നു തച്ചങ്കരിയുടെ പ്രകടനം. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുമെന്നും തൊഴിലാളികള്‍ ഒപ്പംനിന്നാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുന്ന ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും തച്ചങ്കരി പ്രസംഗത്തില്‍ പറഞ്ഞു.
യൂനിയനുകളുമായി ചേര്‍ന്ന് കൂട്ടുഭരണത്തിനു താല്‍പര്യമില്ല. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടതാളം മാറ്റാനുള്ള ആയുധം കൈയിലുണ്ട്. യൂനിയനുകള്‍ നടത്തുന്ന നിയമവിരുദ്ധമായ ഒരു കാര്യവും അംഗീകരിക്കില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കള്ളത്തരം കണ്ടുപിടിക്കാന്‍ മിന്നല്‍ പരിശോധന നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത വെല്ലുവിളികളാണ് തച്ചങ്കരിയെ കാത്തിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നായ പെന്‍ഷന്‍ പ്രായം 58 ആക്കുന്ന കാര്യം അടുത്തു നടക്കുന്ന കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാനുള്ള തന്ത്രമെന്ന നിലയിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യം ആലോചിക്കുന്നത്.
വിരമിക്കുന്നവരുടെ പെന്‍ഷന്‍ തുകയ്ക്കു പുറമേ ഗ്രാറ്റുവിറ്റി, മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ അടക്കമുള്ള തുകയും രണ്ടു വര്‍ഷത്തേയ്ക്കു നല്‍കേണ്ടി വരില്ല എന്നതാണ് ഈ തീരുമാനത്തിലൂടെ ഉണ്ടാകുന്ന മെച്ചം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."