മന്ത്രിയുടെ ഉറപ്പ് പാഴായി; ആര്‍.സി.സിയില്‍ എച്ച്.ഐ.വി സ്ഥിരീകരണത്തിനുള്ള ആധുനിക സംവിധാനമില്ല
തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ രക്തദാന പ്രക്രിയ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ആധുനിക രക്ത പരിശോധനാ സംവിധാനമായ ന്യൂക്ലിക് ആസിഡ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പാഴായി. ആറുമാസം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കാനായിട്ടില്ല. ആര്‍.സി.സിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒന്‍പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സാധാരണ ഗതിയില്‍ രക്തദാതാവ് വിന്‍ഡോ പിരീഡിലാണെങ്കില്‍ (വൈറസ് ബാധിച്ച ആദ്യദിനങ്ങള്‍) പരിശോധനകളില്‍ എച്ച്.ഐ.വി കണ്ടെത്തുക പ്രയാസമാണ്. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് വൈറസ് ബാധിച്ച് 22 ദിവസങ്ങള്‍ കഴിഞ്ഞാലെ കണ്ടെത്താനാകൂ. എന്നാല്‍ ഈ വിന്‍ഡോ പിരീഡ് ഏഴു മുതല്‍ 11 ദിവസം വരെ കുറയ്ക്കാന്‍ സാധിക്കുന്ന പരിശോധനാ സംവിധാനമാണ് നാറ്റ് അഥവാ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്. നിലവില്‍ ഐ.എം.എ ബ്ലഡ് ബാങ്കിലും ചുരുക്കം ചില സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഈ പരിശോധനയുള്ളത്.
ഒരു വര്‍ഷം മുമ്പ് ആര്‍.സി.സിയിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി നാറ്റ് സംവിധാനമൊരുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു. പിന്നീടാണ് ഇവിടെനിന്നു രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചുവെന്ന ആശങ്കയുയര്‍ന്നത്.
ചെന്നൈയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിശദ പരിശോധനക്കായി ഡല്‍ഹിയിലെ ലാബില്‍ അയച്ചിരുന്നു. ഫലം കാത്തിരിക്കവേ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. അതേസമയം, എച്ച്.ഐ.വി ബാധിതന്റെ രക്തം കുട്ടിക്ക് നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് നല്‍കിയിരുന്നെന്നും ഇതില്‍ ഒരാള്‍ക്ക് എച്ച്.ഐ.വി രോഗം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."