വിഴിഞ്ഞം: നിര്‍മാണ കരാറില്‍ വ്യക്തിതാല്‍പര്യം പ്രകടമല്ലെന്ന് അന്വേഷണ കമ്മിഷന്‍
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറില്‍ വ്യക്തിതാല്‍പര്യങ്ങള്‍ പ്രകടമല്ലെന്ന് വിഴിഞ്ഞം അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍.
മൂന്ന് വിദഗ്ധ ഏജന്‍സികളുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയും മന്ത്രിസഭയുമാണ് കരാര്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
ഇത്തരം തീരുമാനങ്ങള്‍ എങ്ങനെ വ്യക്തിതാല്‍പര്യമാകുമെന്നും കമ്മിഷന്‍ ചോദിച്ചു. അതേസമയം, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് അനുവാദം നല്‍കുന്ന വ്യവസ്ഥയില്‍ കമ്മിഷന്‍ ഇന്നലെയും അതൃപ്തി രേഖപ്പെടുത്തി.
നിയന്ത്രിത ബാധ്യതകളുള്ള പണയപ്പെടുത്തലാണിതെങ്കിലും ഭാവിയില്‍ വായ്പ നല്‍കുന്നവരുടെ കരുണയ്ക്കായി സര്‍ക്കാര്‍ കൈനീട്ടുന്ന അവസ്ഥയുണ്ടാകുമെന്നും കമ്മിഷന്‍ വിലയിരുത്തി.
കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മാതൃകാ കരാറിലുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് വിഴിഞ്ഞം കരാറിലെ വ്യവസ്ഥകളെന്ന് തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് കമ്മിഷന്‍ മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ വിശദീകരണത്തിനായി മാതൃകാ കരാറിന് രൂപം നല്‍കിയ ഗജേന്ദ്ര ഹാല്‍ദിയയെ കമ്മിഷന്‍ മുമ്പാകെ വിളിച്ചുവരുത്തണമെന്ന ജയിംസ് വര്‍ഗീസിന്റെ ആവശ്യം കമ്മിഷന്‍ നിരസിച്ചു.
തുറമുഖത്തിനു വടക്കുഭാഗത്തുള്ള മത്സ്യബന്ധന തുറമുഖം ഉപയോഗിക്കുന്നതിന് മത്സ്യത്തൊഴിലാളികളില്‍നിന്ന് പണം ഈടാക്കുമെന്ന സി.എ.ജിയുടെ വിലയിരുത്തല്‍ തെറ്റാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഇന്നലെയും സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. എന്നാല്‍ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കമ്മിഷന്‍ ഇന്നലെയും ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോര്‍ട്ടിലെ 28 കണ്ടെത്തലുകള്‍ ഖണ്ഡിച്ചുകൊണ്ടുള്ള ജയിംസ് വര്‍ഗീസിന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് അദാനി ഗ്രൂപ്പിന്റെ വാദം കേള്‍ക്കും. പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കാനും കമ്മിഷന്‍ ഇന്നലെ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."