ശമ്പള പരിഷ്കരണം: നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
തിരുവനന്തപുരം: സുപ്രിംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരടു വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.
കരട് വിജ്ഞാപനത്തിനേക്കാള് അലവന്‍സുകളില്‍ കുറവു വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിലപാടിനോടാണ് നഴ്സുമാരുടെ പ്രതിഷേധം. മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പു വരുത്തുമെന്ന് നേരത്തേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇത് നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് 24 മുതല്‍ സമ്പൂര്‍ണ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാലല് അച്യുതന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ് സുബി, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഹാരിഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് മുകേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."