കടക്കെണി: എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ വിദേശ കമ്പനികള്‍
നെടുമ്പാശ്ശേരി: ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ വിദേശ കമ്പനികള്‍ എത്തുന്നു. കടക്കെണിയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 52,000 കോടി രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ കടം. ഇതില്‍ 20,000 കോടി രൂപ വിമാനങ്ങള്‍ വാങ്ങിയ ഇനത്തിലും 30,000 കോടി പ്രവര്‍ത്തന നഷ്ടവുമാണ്.
27,000ത്തോളം ജീവനക്കാരുള്ള എയര്‍ ഇന്ത്യ 1,200 കോടിയോളം രൂപ ശമ്പളം, അലവന്‍സ് ഇനങ്ങളിലായി നല്‍കാനുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി 76 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ചില ഇന്ത്യന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില നിബന്ധനകളാണ് ഈ കമ്പനികളുടെ പിന്‍മാറ്റത്തിന് കാരണം. ബ്രിട്ടീഷ് എയര്‍വെയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, ഖത്തര്‍ എയര്‍വെയ്‌സ് എന്നീ കമ്പനികളാണ് എയര്‍ ഇന്ത്യക്കുവേണ്ടി രംഗത്തുള്ളത്. ശക്തമായ മാനേജ്‌മെന്റിലൂടെ കമ്പനിയെ ലാഭത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. വിദേശ കമ്പനികള്‍ക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ കഴിയില്ല.
ഏതെങ്കിലും ഇന്ത്യന്‍ കമ്പനിക്കൊപ്പം സംയുക്ത സംരംഭമായിട്ട് മാത്രമേ ഓഹരി വാങ്ങാന്‍ സാധിക്കുകയുള്ളൂ. ചെലവുകുറഞ്ഞ ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സര്‍വിസുകള്‍ക്ക് മാത്രമായുള്ള അലയന്‍സ് എയര്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ക്കായി രൂപീകരിച്ച എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സുകള്‍ക്കുള്ള എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വിസസ്, ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ക്കുള്ള എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് എന്നീ ഉപകമ്പനികളും എയര്‍ ഇന്ത്യക്ക് കീഴിലുണ്ട്. ഇതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 71 സ്വന്തം വിമാനങ്ങളും പാട്ടത്തിനെടുത്ത 41 വിമാനങ്ങളുമടക്കം 118 വിമാനങ്ങള്‍ എയര്‍ ഇന്ത്യക്കായി സര്‍വിസ് നടത്തുന്നുണ്ട്. ആഭ്യന്തര, രാജ്യാന്തര മേഖലകളിലായി പ്രതിദിനം ശരാശരി 375 സര്‍വിസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍, സിയോള്‍ തുടങ്ങിയ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് പാര്‍ക്കിങ് സ്‌പോട്ടുകള്‍ സ്വന്തമായുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എയര്‍ ഇന്ത്യക്കുള്ള 31 എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകളില്‍ നല്ലൊരു ഭാഗവും രാജ്യാന്തര നിലവാരത്തിലുള്ളതാണ്. കൂടാതെ മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കര്‍ സ്ഥലവും ഡല്‍ഹിയില്‍ 80 ഏക്കര്‍ സ്ഥലവും എയര്‍ ഇന്ത്യക്ക് സ്വന്തമായുണ്ട്. ഇതിന് 8,000 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ ഈ ആസ്തികള്‍ പുതിയ കമ്പനിക്ക് കീഴിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."