തലയുയര്‍ത്തി ഇന്ത്യ
- കോമണ്‍വെല്‍ത്ത് ഗെയിംസ്
പോരാട്ടത്തില്‍ ഇന്ത്യക്ക്
മൂന്നാം സ്ഥാനം - ി26 സ്വര്‍ണം 20 വെള്ളി
20 വെങ്കലം - ിആസ്‌ത്രേലിയ
ജേതാക്കള്‍
ഗോള്‍ഡ് കോസ്റ്റ്: 71 രാജ്യങ്ങളില്‍ നിന്നുള്ള 6,600 താരങ്ങള്‍ മാറ്റുരച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് ആസ്‌ത്രേലിയയിലെ സുവര്‍ണ തീരത്ത് തിരശ്ശീല വീണു. 26 സ്വര്‍ണവും 20 വീതം വെള്ളി വെങ്കലം ഉള്‍പ്പെടെ 66 മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യ മൂന്നാം സ്ഥാനവുമായി അഭിമാനത്തോടെ മടങ്ങി. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ വേട്ടയാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ നടത്തിയത്.
2010ല്‍ ഡല്‍ഹിയില്‍ 101 മെഡലുകള്‍ വാരിക്കൂട്ടിയത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2002ല്‍ മെല്‍ബണില്‍ 69 മെഡലുകള്‍ നേടിയത് രണ്ടാം സ്ഥാനത്തും. 80 സ്വര്‍ണം, 59 വീതം വെള്ളി, വെങ്കലം മെഡലുകള്‍ വാരിയെടുത്ത് ആതിഥേയരായ ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 45 വീതം സ്വര്‍ണം, വെള്ളി, 46 വെങ്കലം മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും എത്തി. കാനഡ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടം 2022ല്‍ ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അരങ്ങേറും.
അവസാന ദിനത്തില്‍ ഇന്ത്യ ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലം മെഡലുകളാണ് സ്വന്തമാക്കിയത്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേഹ്‌വാളും പി.വി സിന്ധുവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം സൈന സ്വന്തമാക്കി. സൈന സ്വര്‍ണവും സിന്ധു വെള്ളിയും നേടി. 21-18, 23-21 എന്ന സ്‌കോറിന് സൈന മത്സരം പിടിച്ചെടുത്തു. പുരുഷ സിംഗിള്‍സില്‍ മത്സരിച്ച കിഡംബി ശ്രീകാന്തിനെ ഫൈനലില്‍ മലേഷ്യയുടെ ലീ ചോങ് വി പരാജയപ്പെടുത്തിയപ്പോള്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ സാത്വിക് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും പരാജയമേറ്റു വാങ്ങിയതോടെ നേട്ടം വെള്ളിയിലൊതുങ്ങി.
സ്‌ക്വാഷ് വനിതാ ഡബിള്‍സ് ഫൈനലില്‍ മത്സരിച്ച ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ സഖ്യവും ഫൈനലില്‍ തോറ്റ് വെള്ളി നേട്ടത്തിലൊതുങ്ങി. ടേബിള്‍ ടെന്നീസ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ സത്യന്‍ ഗനശേഖരന്‍- മനിക ബത്ര സഖ്യം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ തന്നെ അചാന്ത ശരത് കമാല്‍- മൗമ ദാസ് സഖ്യത്തെ കീഴടക്കി. ഇതോടെ മനിക ബത്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇത്തവണ നേടിയത് നാല് മെഡലുകള്‍. രണ്ട് സ്വര്‍ണം ഒരു വെള്ളി മെഡലുകളും നേരത്തെ താരം നേടിയിരുന്നു. പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ അചാന്ത ശരത് കമാല്‍ ഇംഗ്ലണ്ടിന്റെ സാമുവല്‍ വാല്‍കറിനെ കീഴടക്കി മെഡല്‍ നേടി.
500 കടന്ന്..
.
21 കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങളില്‍ നിന്നായി ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 500 കടന്നു. 182 സ്വര്‍ണം, 173 വെള്ളി, 147 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം 502ല്‍ എത്തി.
ഇത്തവണത്തെ മൊത്തം പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഷൂട്ടിങിലും ഗുസ്തിയിലും ഇന്ത്യയുടെ മികച്ച മുന്നേറ്റം കണ്ടു. മെഡല്‍ നിലയിലും വര്‍ധനവുണ്ടായി. ഷൂട്ടിങില്‍ ഏഴ് സ്വര്‍ണം നാല് വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗുസ്തിയില്‍ അഞ്ച് സ്വര്‍ണം മൂന്ന് വെള്ളി നാല് വെങ്കലം ഉള്‍പ്പെടെ 12 മെഡലുകള്‍. ഭാരോദ്വഹനത്തില്‍ അഞ്ച് സ്വര്‍ണം രണ്ട് വീതം വെള്ളി, വെങ്കലം മെഡലുകളും ബോക്‌സിങില്‍ മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ ബാസ്‌ക്കറ്റിലെത്തിച്ചു. ടേബിള്‍ ടെന്നീസിലെ അപ്രതീക്ഷിത മുന്നേറ്റവും ഇന്ത്യക്ക് തുണയായി. മൂന്ന് വീതം സ്വര്‍ണം, വെങ്കലം, രണ്ട് വെള്ളി മെഡലുകളാണ് ഇന്ത്യന്‍ സമ്പാദ്യം. ബാഡ്മിന്റണില്‍ രണ്ട് സ്വര്‍ണം മൂന്ന് വെള്ളി ഒരു വെങ്കലം അത്‌ലറ്റിക്‌സില്‍ ഒരോ സ്വര്‍ണം, വെള്ളി, വെങ്കലം സ്‌ക്വാഷില്‍ രണ്ട് വെള്ളി, പാരാ പവര്‍ ലിഫ്റ്റിങില്‍ ഒരു വെങ്കലം എന്നിവയാണ് ഇത്തവണത്തെ നേട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."