നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയെ കുറ്റവിചാരണ ചെയ്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി.ഹരികുമാര്‍ നെയ്യാറ്റിന്‍കര ജൂറിഡിക്ഷനില്‍ ജോലി നോക്കിയ കാലയളവില്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതത്തിന്റെയും കണക്കുകള്‍ നിരത്തികൊണ്ടായിരുന്നു വി.എസ്.ഡി.പിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ഡി.വൈ.എസ്.പി ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് നെയ്യാറ്റിന്‍കര എസ്.ബി.ഐ ജങ്ഷനില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. വി.എസ്.ഡി.പി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു.
ഇത് വെറും പ്രതിഷേധ മാര്‍ച്ചല്ല. പ്രതിഷേധ ധര്‍ണയുമല്ല. കുറ്റവിചാരണയാണ്. ഡിവൈ.എസ്.പി ഹരികുമാറിനെയാണ് ഞങ്ങള്‍ കുറ്റവിചാരണ ചെയ്യുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കുറ്റവിചാരണയിലേയ്ക്ക് കടന്നത്.
ഒന്നാമതായി മാരായമുട്ടം സ്റ്റേഷന്‍ അതിര്‍ത്തിയിലെ ജോര്‍ജിന്റെ ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്യനാട് ഗില്‍ബര്‍ട്ട് എന്ന ഇടനിലക്കാരന്‍ മുഖേന സ്റ്റീഫന്‍ എന്നയാള്‍ ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി നല്‍കിയത് ഇക്കഴിഞ്ഞ ഡിസംബര്‍ 22-ാം തിയതിയാണ്.
കൈക്കൂലി വാങ്ങിയതിനു ശേഷം സ്ഥലം എസ്.ഐ മൃദുല്‍കുമാറിനെ വിളിച്ച് ഡിവൈ.എസ്.പി പ്രസ്തുത സ്ഥലത്ത് മണ്ണെടുക്കുന്ന വാഹനങ്ങള്‍ പിടികൂടരുത് എന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മൃദുല്‍കുമാര്‍ വാഹനങ്ങള്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അടുത്ത ദിവസം ഈ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ എസ്.ഐ കൂട്ടാക്കാത്തതില്‍ ക്ഷുഭിതനായി അവസരം ലഭിക്കുമ്പോഴെല്ലാം പരിഹാസ വാക്കുകള്‍ പറഞ്ഞും റൈറ്റര്‍ സത്യദാസിനെ സ്ഥലം മാറ്റിയും ഡിവൈ.എസ്.പി പ്രതികാരം ചെയ്യുകയായിരുന്നതായി ഉദ്ഘാടകന്‍ പറഞ്ഞു.
കൈക്കൂലി നല്‍കുന്നതിന്റെയും മറ്റ് ഫോണ്‍ സന്ദേശങ്ങളുടെയും റിക്കോര്‍ഡിങ് തന്റെ പക്കലുണ്ടെന്നും ഈ വിവരങ്ങള്‍ ഐ.ജിക്ക് കൈമാറുമെന്നും ചന്ദ്ര ശേഖരന്‍ പറഞ്ഞു.
ഇത്തരത്തില്‍ 15 ഓളം കേസുകള്‍ നിരത്താനുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍ ജോസ് എന്ന ടിപ്പര്‍ ഓണര്‍ നല്‍കിയ മാസപ്പടിയുടെ കഥ പുറത്ത് വിട്ടു. ബിനു എന്ന ഏജന്റ് മുഖേന പ്രതിമാസം 25 ആയിരം രൂപ മാസപ്പടി നല്‍കിയിരുന്നു എന്നതിന്റെ തെളിവും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.
തുടര്‍ന്ന് തത്തിയൂര്‍ സ്‌കൂളിലെ കലയുടെ പരാതി , കൊടങ്ങാവിളയിലെ ജുവലറിയില്‍ മരിച്ചു കിടന്ന അയ്യപ്പന്റെ കൊലക്കേസ് , പാറശാലയിലെ ക്രിമിനല്‍കേസ് പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയ കേസ് , അമരവിളയിലെ കുഴല്‍പ്പണക്കേസ് തുടങ്ങിയവയെല്ലാം വിശദമായി നിരത്തുകയായിരുന്നു അദ്ദേഹം.
കേബിള്‍ മോഹനന്‍ എന്ന കോണ്‍ട്രാക്ടര്‍ മുഖാന്തിരം 25 ലക്ഷം മുടക്കിയാണ് നെയ്യാറ്റിന്‍കരയില്‍ ഹരികുമാര്‍ ഡിവൈ.എസ്.പിയായി എത്തിയത്. ഇത് തിരിച്ചു പിടിക്കാനാണ് ഇത്രയും കൊള്ളകള്‍ നടത്തുന്നതെന്നാണ് ആരോപണം.
തൊപ്പിയില്‍ അശോക ചക്രം ഉള്ളതു കൊണ്ട് മാത്രമാണ് തെരുവില്‍കിടന്ന് മര്‍ദ്ദനമേല്‍ക്കാതെ പോകുന്നതെന്ന് കളിയാക്കുകയും ചെയ്തു. ഇത്രയും പറഞ്ഞതില്‍ തീരുന്നതല്ല ഇയാളുടെ ലീലാവിലാസങ്ങള്‍.
അതു കൊണ്ട് ഉന്നതര്‍ ഇട പെടണം. ഞങ്ങളുടെ പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണം. സാധാരണക്കാരന് നീതി ലഭിക്കണം. ഇത് ഞങ്ങള്‍ നടത്തുന്ന വിചാരണയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ചന്ദ്രശേഖരന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."