പ്രിന്‍സിപ്പലിന്റെ ആത്മഹത്യ; കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി
കൊല്ലം: അഷ്ടമുടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് സാഹചര്യമൊരുക്കിയ സംഭവങ്ങളെ സംബന്ധിച്ച് സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന് എം.പി, മുഖ്യമന്ത്രിക്ക് കത്ത് നല്കി.
സ്കൂളില്‍ വച്ച് മദ്യപിച്ച വിദ്യാര്‍ത്ഥികളെ താക്കീത് നല്‍കിയതിലുള്ള വിരോധം നിമിത്തം വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളിലൊരാളായ പൊലിസ് ഉദ്യോഗസ്ഥന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് നിര്‍ബന്ധിതമായതെന്ന ബന്ധുക്കളുടെ സംശയം ദൂരീകരിക്കുവാന്‍ ഉന്നതല അന്വേഷണം അനിവാര്യമാണ്.
പൊലിസ് ഉദ്യോഗസ്ഥന് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കേസില്‍ സഹായികളായി ചില അധ്യാപകരും പ്രവര്‍ത്തിക്കുന്നു എന്ന പരാതി ഉണ്ടായിട്ടും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതില്‍ പൊലിസ് വീഴ്ച വരുത്തുന്നു.
അധ്യാപകര്‍ക്കുനേരേ നിരന്തരമായുണ്ടാകുന്ന അതിക്രമങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിലെ ദുരൂഹത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.കെ.പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."