സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ സ്തംഭിച്ച് മൂവാറ്റുപുഴ
മൂവാറ്റുപുഴ/മട്ടാഞ്ചേരി: ജമ്മു കാശ്മീരില്‍എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്തംഭിച്ച് മൂവാറ്റുപുഴ. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും ഓടിയില്ല. രാവിലെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
പലയിടങ്ങളിലും വാഹനങ്ങള്‍ തടയാന്‍ ശ്രമം ഉണ്ടായി. ഇതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഉച്ചയായിട്ടും പ്രകടനക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതായതോടെ നെഹ്‌റു പാര്‍ക്കില്‍ സംഘടിച്ചവരെ പൊലിസ് എത്തി വിരട്ടി ഓടിക്കുകയായിരുന്നു. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളുമടക്കം സമരക്കാര്‍ അടപ്പിച്ചിരുന്നു.
ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ആരും ഹര്‍ത്താല്‍ കാര്യമാക്കിയിരുന്നില്ല. പലരും നഗരത്തില്‍ എത്തിയപ്പോഴാണ് ഹര്‍ത്താല്‍ വിവരം അറിയുന്നത്. ഹോട്ടലുകളും അടപ്പിച്ചതോടെ കുടിവെള്ളം പോലും കിട്ടാതെ ആളുകള്‍ വലഞ്ഞു. വിവരം അറിയാതെ പല ഹോട്ടലുകളിലും ഭക്ഷണങ്ങളും തയാറാക്കിയിരുന്നു. ഇതെല്ലാം പിന്നീട് നശിപ്പിക്കേണ്ടി വന്നു.
രാവിലെ മുതല്‍ വന്‍ പൊലിസ് സംഘവും നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന ആറു പേര്‍ ഉള്‍പെടെ ഇരുന്നൂറു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ തൊഴിലാളികളും കച്ചവടക്കാരും ഹര്‍ത്താലില്‍ പങ്കാളികളായി. ഹാര്‍ബര്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ നടത്തിയതോടെ ചരക്ക് നീക്കം നിലച്ചു. തിങ്കളാഴ്ച രാവിലെ തൊഴിലാളികളും കച്ചവടക്കാരും ബോട്ടുടകളും ചേര്‍ന്ന് പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ലോഗ് ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എസ് യൂസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം മജീദ്, കെ.എച്ച് ഹുസൈന്‍, പി.എം ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."