'പ്രതിദിനം പ്രതിരോധം' ജാഗ്രതോത്സവം 2018 പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കൊച്ചി: പകര്‍ച്ചാവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത കാംപയിന്റെ സന്ദേശം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'പ്രതിദിനം പ്രതിരോധം ജാഗ്രതോത്സവം 2018' ദ്വിദിന ക്യാംപുകളുടെ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷന്, സാക്ഷരത മിഷന്, ശുചിത്വ മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, നഗരകാര്യവകുപ്പ്, കില എന്നിവരുടെ സഹകരണത്തോടെയാണ് ജാഗ്രതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.
കൊതുകിന്റെ ലോകം, എലി വാഴും കാലം, ജലജന്യരോഗങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലാസുകളും കുട്ടികള്‍ക്ക് ഇവയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. പരിസര ശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം.
എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് വാര്‍ഡുകളിലും നടത്തുന്ന ക്യാംപില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി, വാര്‍ഡ് മെമ്പര്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ക്യാംപ്. കുട്ടികള്‍ക്ക് വിവിധ കളികള്‍, ഫീല്‍ഡ് സന്ദര്‍ശനം തുടങ്ങി പ്രവര്ത്തനാധിഷ്ഠിതമായാണ് പരിപാടി ക്രമീകരിക്കുക.
ജാഗ്രതോത്സവം നടത്താനുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ജില്ലാ, ബ്ലോക്ക് തലം, പഞ്ചായത്ത് നഗരസഭ തലത്തില്‍ പരിശീലനം നല്‍കും.
വെങ്ങോല സമൃദ്ധി ഗ്രാം ഓഡിറ്റോറിയത്തില്‍ നടന്ന ദ്വിദിന ജില്ലാ പരിശീലനത്തിന്റെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് മുംതാസ് നിര്‍വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്മാന് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീദേവി, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അനൂപ്, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ മോഹനന്, ശുചിത്വ മിഷന് സ്റ്റേറ്റ് ഫാക്കല്‍റ്റി ഇബ്രാഹിം, സാക്ഷരതാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജന്, കില കോര്‍ഡിനേറ്റര്‍ കെ.കെ രവി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."