ഡോക്ടര്‍മാരുടെ പണിമുടക്ക്: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു
മൂവാറ്റുപുഴ: നാലാം ദിവസവും ഡോക്ടര്‍മാരുടെ പണിമുടക്കുമൂലം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു. ഡോക്ടര്‍മാരുടെ സമരംനാല് ദിവസം പിന്നിട്ടതോടെ നിര്‍ധനരായ നിരവധി രോഗികളാണ് ചികത്സ കിട്ടാതെ വലഞ്ഞത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നൂറുകണക്കിന് രോഗികളാണ് ജനറല്‍ ആശുപത്രിയിലെത്തി ചികത്സ കിട്ടാതെ തിരിച്ചുപോയത്. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറും ഒ.പി വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഡോക്ടറുടേയും സേവനമാണ് തിങ്കളാഴ്ച ലഭ്യമായത്. വിദഗ്ധ ഡോക്ടര്‍മാര്‍ ജോലിക്ക് എത്താത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തകിടം മറിച്ചു.
24 ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കായി ഉണ്ടെങ്കിലും ഇന്നലേയും ഒരു ഡോക്ടമാത്രമാണ് അത്യാഹിത വിഭാഗത്തില്‍ ജോലിക്ക് എത്തിയത്. എന്നാല്‍ കിടപ്പു രോഗികള്‍ക്ക് ഇന്നലേയും ചികത്സ ലഭിച്ചതായി പറയുന്നു. ഡോക്ടര്‍മാര്‍മാര്‍ ഒപ്പിടാതെയാണ് വാര്‍ഡിലെ കിടപ്പു രോഗികളെ പരിശോധിച്ചതെന്നും അറിയുന്നു. രോഗികള്‍ക്ക് വേണ്ട രീതിയില്‍ ചികത്സ ലഭിക്കാത്തതിനാല്‍ കിടപ്പുരോഗികളില്‍ പലരും ഡിസ്ചാര്‍ജ് ചെയ്ത് പോകുകയാണ്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയായതിനാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള വരും ഇടുക്കി ജില്ലയില്‍ ഉള്ളവരുമായ ആയിരക്കണക്കിന് രോഗികളാണ് ചികത്സക്കായി ഇവിടെ എത്തുന്നത്. ഡോക്ടര്‍മാരുടെ അനാവശ്യ സമരം മൂലം ദുരുതമനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട രോഗികളാണ്. ഡോക്ടര്‍മാരുടെ സമരത്തിനെതിരേ വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്വാകാര്യ ആശുപത്രിയെ സഹായിക്കുന്നതോടൊപ്പം തങ്ങളുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ബാധം നടത്തുന്നതിനും വേണ്ടി നടത്തുന്ന വിലപേശല്‍ സമരം ജനവിരുദ്ധമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ നെല്‍സന്‍ പനയ്ക്കല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."