ഹര്‍ത്താല്‍: മലയോരത്ത് പൂര്‍ണം, കാളികാവില്‍ 70 പേര്‍ക്കെതിരേ കേസ്
നിലമ്പൂര്‍: ജമ്മുവില്‍ എട്ടുവയസുകാരിയുടെ അതിദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താല്‍ മലയോരമേഖലയില്‍ പൂര്‍ണം. വിവിധ സ്റ്റേഷനുകളിലായി നിലമ്പൂര്‍ മേഖലയില്‍ 400 ഓളം പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഇവരെ വൈകിട്ടോടെ വിട്ടയച്ചു. എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയും, വഴിക്കടവില്‍ മൂന്നുപേര്‍ക്കേതിരേയും, മമ്പാട് 75 പേര്‍ക്കെതിരേയും, നിലമ്പൂരില്‍ 20 പേര്‍ക്കെതിരേയും പൊലിസ് കെസെടുത്തു. റോഡ് തടഞ്ഞതിനെ തുടര്‍ന്ന് വഴിക്കടവ് കെട്ടുങ്ങലില്‍ സമരക്കാര്‍ക്ക് നേരെ പൊലിസ് ലാത്തിവീശി.
നിലമ്പൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ബേക്കറി അടക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ വനിതാ കൗണ്‍സിലറായ കടയുടമ നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കി. അതേസമയം ബൈക്കുകളും, വിവാഹ, മരണ വീടുകളിലേക്ക് എത്തിയ വാഹനങ്ങളും സമരക്കാര്‍ മണിക്കൂറോളം തടഞ്ഞിട്ടു. ചില പ്രദേശങ്ങളില്‍ റോഡുകളില്‍ മരങ്ങളും കല്ലുകളും ഉപയോഗിച്ച് യാത്രാ തടസം സൃഷ്ടിക്കുകയും, ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര കെ.എസ്.ആര്‍ ടി.സി സര്‍വിസ് മാത്രമാണ് നടത്തിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്ക് തുടങ്ങിയവയും അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനവും നടത്തി. കരുളായി, മൂത്തേടം, അമരമ്പലം, ചാലിയാര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
മഞ്ചേരി: മഞ്ചേരിയിലും പരിസരങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വൈകിട്ട് അഞ്ചോടെ കച്ചേരിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മഞ്ചേരി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. അതിനിടെ ഒറ്റപ്പാലം സി.ഐ അബ്ദുല്‍ മുനീറിനെ വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് മഞ്ചേരി പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അതേസമയം ജില്ലാകോടതി സാധാരണ പോലെ പ്രവര്‍ത്തിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചുവെങ്കിലും ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരവും ഹര്‍ത്താലുമായി ബന്ധപ്പെട്ട് രോഗികള്‍ നന്നേ കുറവായിരുന്നു.
മഞ്ചേരിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് 500ഓളം പേര്‍ക്കെതിരേ മഞ്ചേരി പൊലിസ് കേസെടുത്തു.20 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താലനുകൂലികള്‍ വൈകിട്ട് ആറോടെ മഞ്ചേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ഇവരെ കച്ചേരിപ്പടിയില്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ തടഞ്ഞു.വൈകിട്ട് ഏഴോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
കാളികാവ്: കാളികാവില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ആര്‍ത്തനാട്ട് അബ്ദുല്‍ സലാം(41), നെല്ലിപ്പറമ്പന്‍ സിംസാറുല്‍ ഹഖ്(21), പറച്ചിക്കോടന്‍ റഫീഖ്(30) എന്നിവരാണ് പൊലിസ് പിടിയിലായിട്ടുള്ളത്. അഞ്ചച്ചവിടി, പള്ളിശേരി എന്നിവിടങ്ങളിലെ 70 പേര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ പേരെ പിടികൂടാനുള്ള ശ്രമം പൊലിസ് നടത്തുന്നുണ്ട്. കാളികാവ് എസ്.ഐ എം.സി പ്രമോദ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസമാരായ കെ. പ്രദീബ്, ബിന്ദു മോള്‍, ടി.ടി ജിനാസ് ബക്കര്‍, കെ.ടി ആസിഫ് അലി എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തു. അഞ്ചാംമൈലില്‍ റോഡ് തടസപ്പെടുത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൂക്കോട്ടുംപാടം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ വൈകിട്ടോടെ വിട്ടച്ചു. പൂക്കോട്ടുംപാടത്തും മാമ്പൊയില്‍ തരിശ് ഭാഗങ്ങളിലും പ്രകടനം നടന്നു.
അരീക്കോട്: ഹര്‍ത്താല്‍ അരീക്കോടു കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, അരീക്കോട്, കുഴിമണ്ണ, മുതുവല്ലൂര്‍ പഞ്ചായത്തുകളിലും പൂര്‍ണമായും ബാധിച്ചു. പലയിടങ്ങളിലും രാവിലെ ആറു മുതല്‍ തന്നെ പ്രകടനവുമായി റോഡില്‍ തമ്പടിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ നേരിയ സംഘര്‍ഷത്തിനിടയാക്കി.
തച്ചണ്ണ, എടക്കാട്ടുപറമ്പ്, കാവനൂര്‍, ചെമ്രക്കാട്ടൂര്‍, വെള്ളേരി, കടുങ്ങല്ലൂര്‍, മുണ്ടംപറമ്പ്, റേഷന്‍പടി പ്രദേശങ്ങളില്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തിയും വര്‍ഗീയതക്കെതിരെ ബോധവല്‍ക്കരിച്ചും കുടിവെള്ളം നല്‍കിയുമായിരുന്നു ഹര്‍ത്താല്‍. ചെമ്രക്കാട്ടൂരില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ടയറുകള്‍ കത്തിച്ചും മരങ്ങളും മറ്റും കൂട്ടിയിട്ടും ഗതാഗത തടസം സൃഷ്ടിച്ചതോടെ വിവിധയിടങ്ങളില്‍ നിന്നായി പത്തോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പൊലിസ് പിടിച്ചുകൊണ്ടു പോയി. കാവനൂരില്‍ സമരക്കാരെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവിശി.
ഇളയൂരില്‍ പൊലിസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. തച്ചണ്ണയിലും കാവനൂരും പൊലിസിനെതിരെ അക്രമം നടത്തിയതും റോഡ് തടഞ്ഞതുമായ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
എടവണ്ണ: എടവണ്ണയിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ അനുകൂലികളായ മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. എടവണ്ണ, കുണ്ടുതോട്, മമ്പാട്, കാരക്കുന്ന്, ഒതായി, പന്നിപ്പാറ, പത്തപ്പിരിയം തുടങ്ങിയ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു.
അര മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങളും നടന്നു. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സമരാനുകൂലികള്‍ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. വിവിധ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഗതാഗതം തടസപ്പെടുത്തിയതിനും 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയും എടവണ്ണ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."