ചേരാപുരത്ത് കുടിവെള്ള വിതരണം അവതാളത്തില്‍
ചേരാപുരം: റോഡിനരികില്‍ ഭൂമി തുരന്ന് കേബിള്‍ ഇട്ടതോടെ ചേരാപുരത്തുകാരുടെ വെള്ളം കുടി മുട്ടി. വേളം പഞ്ചായത്തിലെ പൂമുഖം മുതല്‍ ഗുളികപ്പുഴവരേയുള്ള റോഡിലാണ് സ്വകാര്യ കേബിള്‍ പണി നടന്നതോടെ കുടിവെള്ള വിതരണം അവതാളത്തിലായത്.
ഭൂമി തുരന്ന് പൈപ്പിടുന്ന മെഷീന് കൊണ്ട് കേബിള്‍ വര്‍ക്ക് നടത്തിയതോടെ ഇതിലൂടെ പോകുന്ന ജലവിതരണ ലൈനില്‍ തട്ടി വിവിധ സ്ഥലങ്ങളില്‍ പൊട്ടലുണ്ടാവുകയും വെള്ളം പാഴാവുകയുമാണ്. പൂമുഖം ഭജനമഠം മുതല്‍ ഗുളികപ്പുഴ വരേയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണുള്ളത്. ചിലയിടങ്ങളില്‍ വലിയതോതില്‍ വെള്ളം പാഴാവുന്നുണ്ട്. ശ്രദ്ധയില്ലാതെ കേബിള്‍ ജോലി നടത്തിയതാണ് കൊടിയ വേനല്‍ക്കാലത്ത് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണം.
റോഡരികില്‍ ഇടവിട്ടിടവിട്ട് കുഴികള്‍ ഉണ്ടാക്കി അതില്‍ നിന്നും യന്ത്രം ഉപയോഗിച്ച് തുരന്നാണ് കേബിള്‍ പൈപ്പ് ഇട്ടത്. ചെറുകുന്ന് സ്കൂളിനടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കാപ്പുമല ടാങ്കില്‍ നിന്നാണ് ഇവിടേക്ക് വെള്ളം എത്തുന്നത്. വെള്ളത്തിന്റെ ശക്തമായ പ്രവാഹത്താല്‍ നേരത്തെ തന്നെ പൈപ്പ് പൊട്ടല്‍ പതിവായിരുന്നു.
അതിനിടെയാണ് തികച്ചും അശാസ്ത്രീയമായ രീതിയില്‍ ടെലിഫോണ്‍ കേബിള്‍ ഇട്ടതോടെ വെള്ള വിതരണം താറുമാറായത്. വേനല്‍ കഠിനമായിക്കൊണ്ടിരിക്കുന്ന സമയത്ത് എത്രയും പെട്ടന്ന് കുടിവെള്ള വിതരണ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."