സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം: ഹര്‍ത്താലില്‍ വലഞ്ഞ് ജനം
മാവൂര്‍: സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് മാവൂരില്‍ ഇന്നലെ രാവിലെ 11 മണിയോടെ അനുമതിയില്ലാതെ പ്രകടനം നടത്തിയ 36 ഹര്‍ത്താലനുകൂലികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇവരെ വൈകിട്ടോടെ ആള് ജാമ്യത്തില്‍ വിട്ടയച്ചു. ഹര്‍ത്താലനുകൂലികള്‍ മാവൂരിലെ പെട്രോള്‍ പമ്പും കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടു.
കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നെങ്കിലും പൊലിസ് ആവശ്യപ്പെട്ടതനുസരിച്ച് പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു. മാവൂര്‍-കോഴിക്കോട് റോഡില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, കല്ലേരി, പെരുവയല്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കുറ്റിക്കാട്ടൂരില്‍ കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട നാല് ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തു. അനിഷ്ടസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. കുന്ദമംഗലത്ത് സ്വകാര്യബസ് ഭാഗികമായി സര്‍വിസ് നടത്തി. കടകളും തുറന്നു.
ചാലിയം: എട്ടു വയസുകാരിയുടെ നിഷ്ടൂര കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചാലിയത്ത് നേരിയ സംഘര്ഷംത്തിനിടയാക്കി. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, തൊഴിലാളികള്‍ പണിമുടക്കിയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം കാണിച്ചു.
വാഹനങ്ങള്‍ തടഞ്ഞും റോഡില്‍ ടയര്‍ കത്തിച്ചും മരക്കഷ്ണങ്ങള്‍ നിരത്തിയും വാഹന ഗതാഗതം തടസപ്പെടുത്തിയ ഹര്‍ത്താല്‍ അനുകൂളികളെ പൊലിസ് ലാത്തിവീശിയും, ടിയര്‍ ഗ്യാസ് പൊട്ടിച്ചുമാണ് നേരിട്ടത്. മണ്ണൂര്‍ റെയില്‍ ഭാഗത്ത് ഒന്‍പത് പേരെയും, ചാലിയത്ത് നാലുപേരെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കി.
പെരുമണ്ണ: കത്വയില്‍ എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പെരുമണ്ണയില്‍ പൂര്‍ണം. സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു. പെരുമണ്ണയില്‍ നിന്ന് മാങ്കാവ് വഴി സിറ്റിയിലേക്കും മെഡിക്കല്‍ കോളജ് വഴി പാളയം സ്റ്റാന്റിലേക്കുമായി അന്‍പതോളം സ്വകാര്യ ബസ്സുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും അതിരാവിലെ തന്നെ സര്‍വിസ് സമരാനുകൂലികള്‍ തടഞ്ഞതിനാല്‍ ബസുകള്‍ സര്‍വിസുകള്‍ പലയിടത്തും നിര്‍ത്തിയിട്ടു.
ഗ്രാമപഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും വാഹനയാത്രാ സൗകര്യമില്ലാത്തതിനാല്‍ നാമമാത്രമായ ആളുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ എത്തിയത്. മുന്നൂറോളം യുവാക്കള്‍ ചേര്‍ന്ന് പെരുമണ്ണ അങ്ങാടിയില്‍ പ്രകടനം നടത്തിയതായി പൊലിസ് പറയുന്നു. പെരുമണ്ണ ബസ്റ്റാന്റിന് സമീപത്ത് പൊലിസ് ക്യാംപ് ചെയ്തു.
കുന്ദമംഗലം: സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് കുന്ദമംഗലത്ത് ആറിടങ്ങളിലെ വ്യത്യസ്ത കേസുകളിലായി 17പേരെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."