രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം: എ.ടി.എമ്മുകള്‍ കാലി, തെരുവില്‍ വലഞ്ഞ് ജനം- 10 Points
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നോട്ട്ക്ഷാമം രൂക്ഷമായി. ചില സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി എ.ടി.എമ്മുകള്‍ കാലിയാണ്. രാജ്യം വീണ്ടുമൊരു നോട്ട് പ്രതിസന്ധിയിലേക്കോ? പ്രശ്‌നം പരിഹരിക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മൂന്നംഗ സമിതിയെ നിയോഗിച്ചു. |
1. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാളും കൂടുതല്‍ പിന്‍വലിക്കുന്നുവെന്നാണ് ആര്‍.ബി.ഐ അടുത്തിനിടെ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം.
2. ഇന്ന് ബാങ്കുകളുമായും സംസ്ഥാനങ്ങളുമായും ആര്‍.ബി.ഐ ഉദ്യോഗസ്ഥരുമായും യോഗം ചേരുന്നുണ്ടെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
3. 200 രൂപ ഇറക്കിയതിനു ശേഷമാണ് പ്രതിസന്ധിയുടെ തുടക്കമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ സൂചന നല്‍കുന്നു. ''200 രൂപയുടെ നോട്ട് പുറത്തിറക്കിയ ശേഷം, എ.ടി.എമ്മുകളില്‍ നിന്നു പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു''- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
4. അതേസമയം, റിസര്‍വ്വ് ബാങ്കില്‍ നിന്ന് ആവശ്യമായ പണം കിട്ടുന്നില്ലെന്ന് ഗുജറാത്തിലെ ബാങ്കുകള്‍ അറിയിച്ചു. എ.ടി.എമ്മുകള്‍ കാലിയായി തുടങ്ങിയതോടെയാണ് വ്യാപക പരാതി ഉയര്‍ന്നത്. ചെറുകിട കച്ചവടക്കാരും, കര്‍ഷകരും പ്രതിസന്ധിയിലാണ്.
5. ഗുജറാത്തിനെയാണ് ആദ്യം വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നത്. വടക്കന്‍ ഗുജറാത്തിലെ ഉന്‍ഝ, ജംനാ നഗര്‍ എന്നിവടങ്ങിലെ ചെറുകിട വ്യവസായികളും കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകര്‍ ക്യാഷ്‌ലെസ്സായി പണം നല്‍കാന്‍ തയ്യാറാണെങ്കിലും വ്യവസായികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
6. വിള വില്‍ക്കുന്ന കര്‍ഷകരും പണമായി തന്നെ ഇടപാട് നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അക്കൗണ്ടുകളില്‍ പണം ഇട്ടാല്‍ പോരെന്നാണ് പറയുന്നത്. 25 കിലോ മീറ്ററിനുള്ളില്‍ എ.ടി.എം ഇല്ലെന്നതാണ് പരാതി. ഇതോടെ ചെറിയ വിലയ്ക്ക് വിളകള്‍ വില്‍ക്കേണ്ടി വരുന്നുവെന്നും പരാതി ഉയരുന്നുണ്ട്. ഇവിടെ കര്‍ഷകര്‍ക്കിടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതെന്ന് ഉന്‍ഝയിലെ കര്‍ഷക നേതാവ് ഗൗരങ് പാട്ടേല്‍ ചോദിച്ചു.
7. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പ്രശ്‌നം രൂക്ഷമാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ രാവിലെ മുതല്‍ തെരുവുകളിലാണ്. തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഹൈദരാബാദ്, ലഖ്‌നോ തുടങ്ങിയ നഗരങ്ങളിലും ഇതുതന്നെ സ്ഥിതി.
8. കഴിഞ്ഞമാസം ആന്ധ്രയിലെയും തെലങ്കാനയിലെയും പണപ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ് പണം എത്തിച്ചിരുന്നത്.
9. 2000 രൂപയുടെ നോട്ടിനും വലിയ ക്ഷാമമാണ്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധത്തിനു ശേഷം ഇറക്കിയ 2000 രൂപയുടെ നോട്ട് 2017 സെപ്തംബറിന് ശേഷം പുതുതായി അച്ചടിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതായിരിക്കാം പ്രതിസന്ധിയെന്ന് കരുതുന്നു.
10. 2000 രൂപയുടെ നോട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്ന് എടുത്തുകളയാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."