അറബ് രാജ്യങ്ങളുടെ സുരക്ഷാ വെല്ലുവിളികളെ നേരിടും- ജറൂസലം ഉച്ചകോടി
ദമാം: ദഹ്‌റാനില്‍ നടന്നു വന്ന അറബ് ഉച്ചകോടിക്ക് സമാപനമായി. വിവിധ വിഷയങ്ങളില്‍ ശക്തമായ തീരുമാനത്തോടെയാണ് 29ാമത് ഉച്ചകോടിക്ക് പര്യവസാനമായത്. അറബ് ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ ആശങ്കയുളവാക്കുന്നതാണെങ്കിലും ഏതു തരം സുരക്ഷാ വെല്ലുവിളികളെയും നേരിടാന്‍ അറബ് സഖ്യം ശക്തമാണെന്ന പ്രഖ്യാപനത്തോടെയാണ് ഉച്ചകോടിക്ക് സമാപനമായത്. ഫലസ്തീന്‍ വിഷയത്തില്‍ വിട്ടു വീഴ്ച്ചക്കൊരുക്കമല്ലെന്ന്‌സമ്മേളനം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ജനതക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു അറബ് സമ്മേളനത്തിന്റെ പേര് 'ജറൂസലം ഉച്ചകോടി' എന്നാക്കി നാമകരണം ചെയ്യുന്നതായും ഉദ്ഘാടകനായ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു.
ഞായറാഴ്ച്ച കിഴക്കന്‍ സഊദിയിലെ ദഹ്‌റാനിലാണ് സമ്മേളനം നടന്നത്. ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഉച്ചകോടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറൂസലം ആസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതില്‍ നിന്നും പിറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ഫലസ്തീന്‍ അറബ് ലോകത്തിന്റെ പൊതു വികാരമാണ്. ഇസ്‌റാഈല്‍ അതിക്രമത്തില്‍ പൊറുതി മുട്ടുന്ന ഫലസ്തീന്‍ ജനതക്കിടയില്‍ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐക്യ രാഷ്ട്രസഭാ ഏജന്‍സി യു എന്‍ ആര്‍ ഡബ്‌ള്യു എ ക്ക് അന്‍പത് ദശലക്ഷം ഡോളറും, ഫലസ്തീനിലെ ഇസ്‌ലാമിക പ്രബോധനത്തിന് 150 ദശലക്ഷം ഡോളറും സല്‍മാന്‍ രാജാവ് സഹായം പ്രഖ്യാപിച്ചു.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഇറാനാണ്. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ നിലകൊള്ളണം. ലിബിയയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു അറബ് ലോകം ഒറ്റക്കെട്ടായി നിലകൊള്ളും. ഐ എസില്‍ നിന്നും ഏകാധിപതി ബശ്ശാറില്‍ നിന്നും ഒരുപോലെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന സിറിയന്‍ ജനതയുടെ അവകാശത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപിച്ച യോഗം സിറിയയിലെ രാസായുധപ്രയോഗത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അറബ് ലീഗ് അധ്യക്ഷ സ്ഥാനം ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമനില്‍ നിന്നും സഊദി രാജാവ് ഏറ്റു വാങ്ങി.
അടുത്ത വര്‍ഷം തുനീഷ്യയായിരിക്കും ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആലു ഖലീഫ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓര്‍പ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ:യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഉതൈമീന്‍, യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഫെഡറിക് മൊഗേരിനി എന്നിവര്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കിഴക്കന്‍ പ്രവിശ്യയില്‍ നടന്നു വന്നിരുന്ന അറബ് രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസ പ്രകടനം 'ഗള്‍ഫ് ഷീല്‍ഡ് 1' അഭ്യാസ പ്രകടനത്തിന് ഉച്ചകോടിയുടെ സമാപനമെന്നോണം മുഴുവന്‍ അംഗ രാജ്യങ്ങളുടെ ഭരണാധികാരികളും സാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."