ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു
പുതുക്കാട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളില്‍ ഒ.പി സമയം ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം പുതുക്കാട് താലൂക്ക് ആശുപത്രിയെ ബാധിച്ചു. മലയോര മേഖലയുള്‍പ്പെടുന്ന മണ്ഡലത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറ് കണക്കിന് രോഗികളാണ് ഡോക്ടര്‍മാരുടെ സമരം മൂലം ദുരിതത്തിലായത്.
1,500 രോഗികളാണ് ദിനംപ്രതി ആശുപത്രിയില്‍ എത്തുന്നത്. എട്ട് ഡോക്ടര്‍മാര്‍ സേവനം ചെയ്തിരുന്ന ആശുപത്രിയില്‍ സമരം ആരംഭിച്ചപ്പോള്‍ രണ്ട് ഡോക്ടര്‍മാരാണ് ഒ.പിയില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ രോഗികള്‍ കൂടുതലായി എത്തിയതോടെ നീണ്ടവരിയാണ് അനുഭവപ്പെട്ടത്.
ഭൂരിഭാഗം രോഗികള്‍ക്കും ഡോക്ടറെ കാണാന്‍ കഴിയാതെ മടങ്ങിപോകേണ്ടി വന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ അവിടെയെത്തുന്ന രോഗികളും താലൂക്ക് ആശുപത്രിയെയാണ് അഭയം പ്രാപിക്കുന്നത്.
മലയോര മേഖലയിലെ തൃക്കൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള ആദിവാസികള്‍ക്കും പുതുക്കാട് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആനന്ദപുരം, പന്തല്ലൂര്‍, പറപ്പൂക്കര, നെന്‍മണിക്കര, അളഗപ്പനഗര്‍, പുതുക്കാട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലുള്ളവരും താലൂക്ക് ആശുപത്രിയിലേക്കാണ് എത്തുന്നത്.
ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചതോടെ മറ്റിടങ്ങളില്‍ നിന്നെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധന വന്നിരിക്കുകയാണ്. കൂടാതെ ജീവിതശൈലീരോഗികള്‍ക്കുള്ള ചികിത്സാ ദിവസവും നിയന്ത്രിക്കാന്‍ കഴിയാത്ത തിരക്കാണ് താലൂക്ക് ആശുപത്രിയില്‍ കാണുന്നത്.
സമരത്തിനിടയിലും ചില ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തി രോഗികളെ പരിശോധിക്കുന്നത് തിരക്ക് കുറയാന്‍ കാരണമാകുന്നുണ്ട്. ഇതിനിടെ ദേശീയപാതയിലെ അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും താലൂക്ക് ആശുപത്രിയിലേക്കാണ്.
പുതുക്കാട് മേഖലയില്‍ കിടത്തി ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇല്ലാത്തതാണ് താലൂക്ക് ആശുപത്രിയിലേക്ക് രോഗികള്‍ കൂടുതലായി എത്താന്‍ കാരണം. സമരം ശക്തമായതോടെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പൊലിസിന്റെ സഹായം തേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."