നീതിക്കായി നാടെങ്ങും പ്രതിഷേധമിരമ്പി
ചെറുതുരുത്തി: കത്‌വ ബാലികക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ചെറുതുരുത്തിയില്‍ വന്‍ യുവജന പ്രതിഷേധം നടത്തി. രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ക്ക് അതീതമായി സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച 200 ഓളം യുവതി യുവാക്കളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് ചെറുതുരുത്തിയില്‍ സമാപിച്ച് സ്മരണ ദീപം തെളിച്ചു. മൗന പ്രാര്‍ഥനയും നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മാധ്യമ പ്രവര്‍ത്തകന്‍ ടി.ബി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കിരന്‍ പള്ളിക്കല്‍ അധ്യക്ഷനായി. ശ്രീജിത്ത്, എന്‍.പി അബ്ദുള്‍ ഖാദര്‍, ഇശല്‍ സുലൈമാന്‍, എം.ആര്‍ സ്റ്റാലിന്‍ ദാസ്, സലാം വെട്ടിക്കാട്ടിരി, നസീബ, കെ.കെ ഷെമീറ സംസാരിച്ചു.
ചേലക്കര: ജമ്മുകാശ്മീരിലെ കത്‌വയില്‍ ബാലികയെ തടങ്കലില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാട്‌സാപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക വാഹനം തടയലും. വിവിധ മേഖലകളില്‍ പ്രതിഷേധ പ്രകടനവും. പഴയന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുള്ളൂര്‍ക്കര വാഴക്കോട് ജങ്ഷനില്‍ ഇന്നലെ കാലത്ത് കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനവും, ഏതാനും മിനിറ്റ് റോഡ് ഉപരോധവും ഉണ്ടായി. ചെറുതുരുത്തിയിലും, ചേലക്കരയിലും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. വാഴക്കോട് കനത്ത പൊലിസ് ബന്തവസിലായിരുന്നു ജനകീയ സമരം. 200 ഓളം പേര്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമായി സമരത്തില്‍ കണ്ണികളായി. ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
എരുമപ്പെട്ടി: കത്‌വ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പന്നിത്തടത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. യുവ സംഘം മരത്തംകോട്, ഗലീലിയ മരത്തംകോട്, വെല്ലിക്ക പന്നിത്തടം, വോയ്‌സ് കലാവേദി, ഫാല്‍ക്കണ്‍ ചിറമനേങ്ങാട്, ഫ്രണ്ട്‌സ് മരത്തംകോട്, സിംഫണി വെള്ളത്തേരി, ന്യൂസ്റ്റാര്‍ വെള്ളത്തേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. മുജീബ് റഹ്മാന്‍, ഷറഫു, അര്‍ഷാദ്, എസ്.പി ഉമ്മര്‍ നേതൃത്വം നല്‍കി.
എരുമപ്പെട്ടി: കത്‌വ സംഭവത്തില്‍ കൊലയാളികളെ സംരക്ഷിക്കുന്ന ആര്‍.എസ്.എസ്, ബി.ജെ.പി നിലപാടില്‍ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ കടങ്ങോട് മനപ്പടി യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. മേഖലാ സെക്രട്ടറി രൂപേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുഭാഷ്, യൂനിറ്റ് സെക്രെട്ടറി വിനീഷ്, മേഖലാ കമ്മറ്റി അംഗം മനോജ്, അനീഷ് കുമാര്‍ സംസാരിച്ചു.
പുത്തന്‍ചിറ: കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് വെള്ളാങ്കല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്നയില്‍ നിന്ന് കോണത്ത്കുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് മുഹമ്മദ് ഫൈസി, റെയ്ഞ്ച് പ്രസിഡന്റ് സി.പി മുഹമ്മദ് ഫൈസി, നവാസ് റഹ്മാനി, അബ്ദു റസാഖ് മൗലവി, മുഹമ്മദ്കുട്ടി മൗലവി, അബ്ദു നാസര്‍ ഫൈസി, അബ്ദു സമദ് ദാരിമി, ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.
പുത്തന്‍ചിറ: മുസ്‌ലിം ലീഗ് പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയംകാവ് ആല്‍ത്തറക്ക് സമീപം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വി.എം ബഷീര്‍, നവാസ് റഹ്മാനി സുഹൈല്‍, എം.എ സുലൈമാന്‍, ലിയാക്കത്ത് അലി, ഗഫൂര്‍ പറയംകുന്ന്, ഷുഹൈബ്, സക്കരിയ മാതിയത്ത്, ഒ.കെ റഹീം, മുജീബ്, റഫീക്ക് കളത്തില്‍, അഷറഫ് കുര്യാപ്പിളളി, അലി കൊള്ളിക്കത്തറ, മജീദ് കറുപ്പംവീട് സംസാരിച്ചു.
കയ്പമംഗലം: കയ്പമംഗലത്ത് പ്രതിഷേധ പ്രകടനം നടന്നു. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ മതിലകം റെയ്ഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പണ്ഡിതരും യുവാക്കളും അണിചേര്‍ന്നു. ചളിങ്ങാട് ജനകീയ കൂട്ടായ്മ കൂടി കണ്ണി ചേര്‍ന്നു. പെരിഞ്ഞനത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് റെയ്ഞ്ച് പ്രസിഡന്റ് സി.എച്ച്.എം ഫൈസല്‍ ബദരി, സെക്രട്ടറി കെ. ജഅ്ഫര്‍ മൗലവി, ട്രഷറര്‍ പി.ബി ഹംസ, വിവിധ പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച്
കെ.കെ സിദ്ധീഖ് ഫൈസി, ശിഹാബ് മൗലവി, സുലൈമാന്‍ മൗലവി, അബ്ദുല്‍ ഖാദര്‍, കെ.എ റഷീദ്, തൗഫീഖ് വാഫി, എം. മജീദ് മൗലവി, സ്വാലിഹ് വാഫി, മുഈനുദ്ധീന്‍ വാഫി നേതൃത്വം നല്‍കി.
കയ്പ്പമംഗലം: ഹര്‍ത്താലുകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിടപറഞ്ഞതാണ് ചളിങ്ങാട് പ്രദേശത്തോട്. എന്നാല്‍ ഇന്ന് ചളിങ്ങാട് ഗ്രാമം കത്‌വ സംഭവത്തില്‍ ഒന്നടങ്കം കടകളടച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ ഹര്‍ത്താല്‍ നടത്തുമ്പോള്‍ നിശ്ചലമാകാത്ത പ്രദേശമാണ് ചളിങ്ങാട്. വര്‍ഷങ്ങളായി ഹര്‍ത്താല്‍ ദിനങ്ങളില്‍ മറ്റു പ്രാദേശത്ത്കാരെല്ലാം ആശ്രയിക്കാറ് ചളിങ്ങാടിനെയാണ്. രാവിലെ നടന്ന പ്രകടനത്തിന് നൂറില്‍പരം ആളുകളാണ് പങ്കെടുത്തത്. മൂന്നുപീടിക, കാളമുറി പ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.
ചാവക്കാട്: ഹര്‍ത്താല്‍ തീരദേശത്ത് പൂര്‍ണം. ചാവക്കാട് നഗരത്തില്‍ ഭാഗികമായി. നഗത്തില്‍ കടകള്‍ അടുപ്പിക്കാന്‍ ശ്രമിച്ച അഞ്ച് യുവാക്കളെ കരുതല്‍ തടങ്കലിലെടുത്തു. ഷമീര്‍ (28), ഷജീര്‍ (24), രാഹുല്‍ (22), ഫാസില്‍ (24), എന്നിവരെ ചാവക്കാട് പൊലിസും വടക്കേക്കാട് സദാത്ത് എന്ന യുവാവിനെ വടക്കേക്കാട് പൊലിസുമാണ് പിടികുടിയത്. കേസെടുത്ത ഇവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. ചാവക്കാട് പൊന്നാനി റൂട്ടില്‍സ്വകാര്യബസുകള്‍ ഓടിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഒറ്റപ്പെട്ട നിലയിലുണ്ടായിരുന്നു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തടസപ്പെട്ടു. നഗരത്തില്‍ കടകള്‍ ഭാഗിഗമായി അടഞ്ഞു കിടന്നു. പലകടകളും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഷട്ടറില്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു.
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പി. കരീം ഹാജി, എ.കെ അബ്ദുള്‍കരീം, ഷാഹുല്‍ഹമീദ്, ആര്‍.കെ ഇസ്മായില്‍, മനാഫ്, നൗഷാദ്, ബഷീര്‍, ഇബ്രാഹിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."