ഏകീകൃത ഗാര്‍ഹിക തൊഴില്‍ നയവുമായി സഊദിയടക്കം അഞ്ചു ജി.സി.സി രാജ്യങ്ങള്‍
ജിദ്ദ: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പൊതു നയം രൂപവത്കരിക്കാനുള്ള പദ്ധതിയുമായി അഞ്ച് ജി.സി.സി രാജ്യങ്ങള്‍. സഊദി, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളാണ് ഗാര്‍ഹിക തൊഴിലാളികളുടെ നിയമന ഫീസ്, കുറഞ്ഞ വേതനം, തൊഴില്‍മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുനയം ഉണ്ടാക്കാന്‍ ആലോചിക്കുന്നത്.
പൊതു നയത്തിന്റെ രൂപരേഖയും ശിപാര്‍ശകളും തയാറാക്കാനായി കമ്മിറ്റി രൂപവത്കരിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന 45ാമത് തൊഴില്‍ സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര തൊഴില്‍നിയമങ്ങളെ മാനിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തും. തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ ഉള്‍പ്പെടെ ദിവസത്തില്‍ 12 മണിക്കൂര്‍ വിശ്രമം ഉറപ്പുവരുത്തുന്നതായിരിക്കും നിര്‍ദിഷ്ട നയം.
18 വയസ്സില്‍ താഴെയുള്ളവരെ ജോലിക്ക് വെക്കാന്‍ അനുവദിക്കില്ല. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണ് തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങള്‍ ഇവിടേക്ക് തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിര്‍മാണം നടത്താനും തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."