കുടിവെള്ള ടാങ്കറുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാ നിയമം 2011 പ്രകാരം എഫ്.ബി.ഒ (ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍) ലൈസന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ലൈസന്‍സെടുക്കാത്ത വാഹന ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കുടിവെള്ള വിതരണത്തിന് ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ വാഹനത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ കുടിവെള്ളം വിതരണം ചെയ്യണമെങ്കില്‍ വാടകവാഹനങ്ങള്‍ക്കും ലൈസന്‍സെടുക്കണം.
ജല അതോറിറ്റിയുടെ കുടിവെള്ള സ്രോതസുകള്‍ക്ക് എഫ്.ബി.ഒ ലൈസന്‍സ് നിര്‍ബന്ധമാക്കണം. ജല സ്രോതസിലെ ജലം സര്‍ക്കാര്‍ അംഗീകൃത ലാബില്‍ പരിശോധിച്ച് പരിശുദ്ധി ഉറപ്പാക്കണം. ആശുപത്രി, ഹോട്ടല്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കണം.
പുറത്തുനിന്നു കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ളവരില്‍നിന്നുമാത്രം വാങ്ങണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."