കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റാല്‍ ഇനി പൊലിസും പൊക്കും !
മുക്കം: പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മറ്റും കാലാവധി കഴിഞ്ഞ ശേഷവും കടകളില്‍ വില്‍പന നടത്തിയാല്‍ നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണെന്നാണ് പൊതുവിലുള്ള ധാരണ. ഇനി ഇത്തരം പരിശോധനകളുമായി കടയില്‍ പൊലിസിനെ കണ്ടാല്‍ അത്ഭുതം കൊള്ളേണ്ട. കാരണം കട പരിശോധന മാത്രമല്ല, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുകയോ മറ്റോചെയ്താല്‍ കടക്കാരനെ പൊലിസ് പൊക്കുകയും ചെയ്യും.
ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് വില്‍പന നടത്തുന്നത് കണ്ടെത്തി തടയണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് മുഖേനയാണ് പരിശോധനയും നിയമ നടപടികളും നടത്തുക.
കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കാലാവധി കഴിഞ്ഞ ശേഷവും പുതിയ സ്റ്റിക്കറും തിയതിയുമായി വീണ്ടും വില്‍പന നടത്തുന്നത് സംസ്ഥാനത്തെ ചിലയിടങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡി.ജി.പി നടപടിക്ക് ശുപാര്‍ശ ചെയ്തത്. എറണാകുളം ജില്ലയിലെ പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുമായി ബന്ധപ്പെട്ട് ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട വിശദാംശങ്ങള്‍ മനസിലാക്കി ഇതുസംബന്ധിച്ച പരിശോധന എല്ലാ ജില്ലകളിലും നടത്തണമെന്നും ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും കാലാവധി കഴിഞ്ഞ ശേഷമുള്ള ഭക്ഷ്യ വസ്തുക്കള്‍ പുതിയ പാക്കുകളിലേക്ക് മാറ്റിയശേഷം വില്‍പന നടത്തുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യക്ഷമമായി ഇടപെടാത്തത് മൂലം ഇത്തരക്കാര്‍ പിടിക്കപ്പെടുന്നതും കുറവായിരുന്നു. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം പരിശോധന നടത്തേണ്ടതെന്നും പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."