സ്ത്രീകളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുമ്പോള്‍ മോദി മൗനത്തിലെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ന്യൂഡല്‍ഹി: നിരന്തരം സോഷ്യല്‍ മീഡിയ വഴി പ്രതികരണങ്ങള്‍ നടത്തി സ്വയം ഒരു വാഗ്മിയാണെന്ന് ആവേശം കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീകള്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും തന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ അക്രമണം നടത്തുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്.
ജമ്മുകശ്മിരിലെ കത്്‌വയില്‍ എട്ടുവയസുകാരിയെ മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ലോകരാജ്യങ്ങള്‍ പോലും ഞെട്ടലും ഭയവും രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സ്വീകരിച്ച മൗനം ചോദ്യം ചെയ്താണ് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയത്. സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്ന തലക്കെട്ടോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതിയത്.
കത്്‌വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ നീതിക്കായി രാജ്യത്തെങ്ങും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്.
എന്നാല്‍ നരേന്ദ്ര മോദി നിശബ്ദനായിരിക്കുകയാണ്. ഇത് കുറ്റകരമാണ്. കൊലപാതകത്തില്‍ പ്രതികളായ വ്യക്തികളെ അറസ്റ്റ് ചെയ്തതിനെതിരേ കശ്മിര്‍ മന്ത്രിസഭയില്‍ നിന്ന് ബി.ജെ.പി മന്ത്രിമാര്‍ രാജിവയ്ക്കുകയും തുടര്‍ന്ന് രാജിവച്ച മന്ത്രിമാരിലൊരാളായ ചൗധരി ലാല്‍ സിങ് പ്രതികള്‍ക്കുവേണ്ടി റോഡ് ഷോ നടത്തുകയും ചെയ്തതിനേയും മുഖപ്രസംഗം വിമര്‍ശിക്കുന്നു. സംസ്ഥാന പൊലിസില്‍ നിന്ന് അന്വേഷണം മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി കശ്മിരില്‍ നടത്തുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു. യു.പിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയായ എം.എല്‍.എയെ രക്ഷിക്കാനും ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതിനേയും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."