മധുരത്തിന്റെ തേന്‍കനി; ആഞ്ഞിലി ചക്കയ്ക്ക് പ്രിയമേറുന്നു
ഹരിപ്പാട്: പുതുതലമറയുടെ ഇഷ്ടം കവര്‍ന്ന് നമ്മുടെ നാടന്‍ ആഞ്ഞിലിച്ചക്കയും. നാടനും വിദേശിയുമായ വിവധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്ക് വര്‍ധിച്ചതോടെയാണ് ഒരു കാലത്ത് മലയാളിയുടെ നാവിന്‍ തുമ്പില്‍ മധുരത്തിന്റെ തേന്‍കനിയൊരുക്കിയ ആഞ്ഞിലിപ്പഴത്തെ പലരും മറന്ന് തുടങ്ങിയത്. എന്നാല്‍ ഇന്ന് ന്യൂജെന്‍ തലമുറ മലയാളിയുടെ സ്വന്തം ആഞ്ഞിലച്ചക്കയ്ക്ക് വീണ്ടും താരപരിവേഷം നല്‍കുകയാണ്.
പഴമക്കാരുടെ ഓര്‍മയില്‍ ആഞ്ഞിലിച്ചക്ക ഒരു കാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം തന്നെയായിരുന്നു. വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കും കുത്തരിക്കഞ്ഞിയും കാലവര്‍ഷത്തില്‍ ധാരാളമായി ലഭിച്ചിരുന്ന പുഴമീനും ചേര്‍ത്തുള്ള ഉച്ചഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണെന്ന് പഴമക്കാരുടെ സാക്ഷ്യം. ആഞ്ഞിലി ചക്ക ചെറുതായി അരിഞ്ഞ് തോരനായും സ്വാദോടെ ഉപയോഗിക്കുവാന്‍ കഴിയും.
ഒരു സംഘം ചെറുപ്പക്കാരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആഞ്ഞിലി ചക്കയ്ക്ക് വീണ്ടും താരപരിവേഷം ലഭിച്ചത്. ആഞ്ഞിലി ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് എടുത്താല്‍ സ്വാദോടെ കൊറിക്കാനും ഉപയോഗിക്കാം.
ജൂണ്‍. ജുലായ് മാസങ്ങളില്‍ സുലഭമായി നാട്ടില്‍ സൗജന്യമായി കിട്ടുന്ന ഏക പഴവര്‍ഗമാണ് ആഞ്ഞിലിച്ചക്ക. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് ആയുര്‍വേദ ചികില്‍സാ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഏതായാലും നവമധ്യമങ്ങളിലൂടെ പ്രചാരം നേടിക്കഴിഞ്ഞ ആഞ്ഞിലി ചക്കയ്ക്കിപ്പോള്‍ പ്രായഭേദമന്യേ പ്രിയമായി കഴിഞ്ഞു.
അടുത്തിടെ ചക്കപ്പഴത്തിന്റെയും നാടന്‍ മാങ്ങയുടേയും കപ്പയുടേയും മറ്റും പേരില്‍ വിവിധ ഫെസ്റ്റുകളും മറ്റും സംഘടപ്പിച്ചതോടേ അവയുടെ ഉപയോഗം വര്‍ധിക്കുകയും ഇന്ന് ഫൈവ് സ്റ്റാര്‍ വിഭവങ്ങളില്‍ പോലും കപ്പയും ചക്കയും മാങ്ങയും മറ്റും ഇടംനേടുകയും ചെയ്തു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും.
വിദേശ രാഷ്ട്രങ്ങളില്‍ പഴവര്‍ഗങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതു പോലെ ഇവ സംഭരിച്ച് സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനോ ഹോര്‍ട്ടികോര്‍പ്പോ തയ്യാറായാല്‍ മറ്റ് മാസങ്ങളിലുണ്ടാകുന്ന വിലവര്‍ധനയ്ക്കു പരിഹാരം കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."