പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ: മലയോരത്തെ റോഡുകള്‍ തകര്‍ന്നു
തിരുവമ്പാടി: പൊതുമരാമത്ത് വകുപ്പിന്റെ നിസംഗത മൂലം അറ്റകുറ്റപ്പണി നടക്കാതെ മലയോരത്തെ റോഡുകള്‍. തിരുവമ്പാടി- ആനക്കാംപൊയില്‍ റോഡും തിരുവമ്പാടി- മുറമ്പാത്തി- കോടഞ്ചരി റോഡുകളുമാണ് തകര്‍ന്നിരിക്കുന്നത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടതു മൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പോലും ഇവിടങ്ങളില്‍ പ്രയാസമാണ്. വേനല്‍മഴ കൂടി എത്തിയതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പല അപകടങ്ങളിലും മരണം ഒഴിവാകുന്നത്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും നാളിതുവരെയായി ഒരു നടപടിയും എടുക്കാത്തതില്‍ മലയോരത്ത് പ്രതിഷേധം ശക്തമാണ്. മുറമ്പാത്തി മുതല്‍ തോണിപ്പാറ ബസ് സ്‌റ്റോപ്പ് വരെയുള്ള ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. കെ.എസ.്ആര്‍.ടി.സി ദീര്‍ഘദൂര ബസ് സര്‍വിസുകളുള്ള ഈ റൂട്ടില്‍ റോഡ് കുണ്ടുംകുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായതോടെ സര്‍വിസുകള്‍ നിന്നുപോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും റോഡിലെ വെള്ളം കെട്ടിക്കിടക്കുന്ന കുഴികളില്‍ കുടുങ്ങി അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. മഴയ്ക്ക് മുന്‍പ് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ പോലും ഇവുടെയുണ്ടായിട്ടില്ല. പി.ഡബ്ലു.ഡി താമരശ്ശേരി സെക്ഷന്റെ കീഴിലുള്ള റോഡാണ് അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാതെ കിടക്കുന്നത്.
എരുമേലി, കട്ടപ്പന, ഈരാറ്റുപേട്ട, തൊടുപുഴ, മാനന്തവാടി, തലശ്ശേരി തുടങ്ങി വിവിധ മേഖലകളിലേക്ക് ദീര്‍ഘദൂര ബസുകളും കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്, താമരശേരി, തിരുവമ്പാടി ഡിപ്പോകളില്‍നിന്നുള്ള നിരവധി സര്‍വിസുകളും സ്വകാര്യ ബസുകളുമടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മലയോര ഗ്രാമവികസന സമിതി യോഗം ആവശ്യപ്പെട്ടു. അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിനുകള്‍ എന്നിവക്ക് പോലും സ്ഥലത്ത് എത്താന്‍ പ്രയാസമാണ്.
റോഡിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കണ്ട് പരാതി സമര്‍പ്പിക്കുന്നതിനും പി.ഡബ്ല്യു.ഡി ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ജൂബിന്‍ ഡൊമിനിക്, ബേബി കാവുങ്കല്‍, റോബിന്‍ ആക്കാട്ടു മുണ്ടക്കല്‍, ജോസ് ഇടവഴിക്കല്‍, ആന്റു ജോയി പേക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."