ഹര്‍ത്താല്‍: 41 പേര് അറസ്റ്റില്‍; 762 പേര്‍ക്കെതിരേ കേസ്
കല്‍പ്പറ്റ: സോഷ്യല്‍ മീഡിയ ആഹ്വാനത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്ത കേസില്‍ 762ഓളം പേര്‍ക്കെതിരേ 19ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 41ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പൊലിസ് മേധാവി അരുള്‍ ആര്.ബി കൃഷ്ണ അറിയിച്ചു.
ജില്ലയില്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകള്‍. പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് ചീഫ് അറിയിച്ചു.
കേസുകളിലെ പ്രതികളുടെ ലിസ്റ്റ് തയാറാക്കി ഇവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരക്കാരെ മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ പൊലിസ് കസ്റ്റഡിയില്‍ എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് ഇത്തരക്കാര്‍ക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അവരുടെ ഫോണ്‍ സീസ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികളും പൊലിസ് നടപ്പിലാക്കുകയാണ്.
പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ വാട്സ്ആപ്പ് വഴി മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നത് കുറ്റകരമായതിനാല്‍ പൊതുജനങ്ങള്‍ വാട്സ്ആപ്പ് വഴി വരുന്ന ഇത്തരം തെറ്റായ മെസേജുകള്‍ പ്രചരിപ്പിക്കാനുള്ള പ്രവണതയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ജില്ലാ പൊലിസ് മേധാവി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."