തോട്ടം തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക്
കല്‍പ്പറ്റ: ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കേണ്ട തുകയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അധികൃതരുടെ നടപടിക്കെതിരേ തൊഴിലാളികള്‍ നടത്തിയ സമരത്തിനൊടുവില്‍ നടന്ന ചര്‍ച്ചയിലെ പ്രഖ്യാപനങ്ങളെല്ലാം പാഴ് വാക്കായി.
ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് 2018 ജനുവരി 19ന് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലെ ഒത്തു തീര്‍പ്പുവ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി തുക ഇക്കഴിഞ്ഞ ഫെബ്രുവരി 28 നോ അതിനു മുമ്പായോ കൊടുത്തു തീര്‍ക്കുമെന്നായിരുന്നു തൊഴിലുടമ മൊയ്തീന്‍കുഞ്ഞ്, ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ആനുകൂല്യം ലഭിക്കാനുണ്ടായിരുന്ന 107 തൊഴിലാളികളില്‍ പുല്‍പ്പാറ, പെരുന്തട്ട ഡിവിഷനുകളിലായി 20ല്‍ താഴെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്തത്. 2010ലും അതിന് ശേഷവും എസ്റ്റേറ്റില്‍ നിന്ന് വിരമിച്ച തൊഴിലാളികള്‍ക്കാണ് എസ്റ്റേറ്റ് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചത്. ചര്‍ച്ചക്കൊടുവില്‍ കുടിശ്ശികയായിരുന്ന ശമ്പളം വിതരണം ചെയ്‌തെങ്കിലും നിലവില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളം വീണ്ടും കുടിശ്ശികയായിരിക്കുകയാണ്. ഇതോടെ ഒരിടവേളക്ക് ശേഷം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ വീണ്ടും സമരമുഖത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പണിമുടക്ക് സമരത്തിലാണ് തൊഴിലാളികള്‍.
പുല്‍പ്പാറ, പെരുന്തട്ട നമ്പര്‍ വണ്‍, നമ്പര്‍ ടു ഡിവിഷനുകളിലായി 300ഓളം തൊഴിലാളികളാണ് എസ്‌റ്റേറ്റിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ബോണസും സെറ്റില്‍മെന്റ് ലീവും ഇതിനുള്ള തുകയും തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
കൂടാതെ വിരമിച്ച തൊഴിലാളികള്‍ക്ക് ഇതുവരെ പി.എഫും ലഭിച്ചിട്ടില്ല. ശമ്പളത്തില്‍ നിന്ന് പി.എഫ് വിഹിതം പിടിച്ചിരുന്നെങ്കിലും ഇത് മാനേജ്‌മെന്റ് അടച്ചിരുന്നില്ല. ഈ തുക വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. 2014ന് ശേഷം നിലവിലെ തൊഴിലാളികളുടെ പി.എഫ് വിഹിതവും കമ്പനി അടച്ചിട്ടില്ല.
വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ശമ്പള കുടിശ്ശിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇക്കഴിഞ്ഞ ജനുവരി 12 മുതലാണ് എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. തുടര്‍ന്നാണ് 19ന് ചര്‍ച്ച നടന്നത്. എന്നാല്‍ ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ നടപ്പാക്കാതിരുന്നിട്ടും ട്രേഡ് യൂനിയനുകള്‍ ഇതുവരെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. ട്രേഡ് യൂനിയനുകള്‍ തൊഴിലാളികളെ കൈയൊഴിഞ്ഞ സ്ഥിതിയാണെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നു.
കൂടാതെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പു വരുത്താതെ തോട്ടമുടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന ലേബര്‍ ഓഫിസര്‍മാരുടെ നിലപാടുകള്‍ക്കെതിരേയും അമര്‍ഷം ശക്തമാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ വീണ്ടും സമരം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."