ഹയര്‍ സെക്കന്‍ഡറി ഇ-സബ്മിഷന്‍ മുടങ്ങി: താല്‍ക്കാലിക അധ്യാപകരുടെ ശമ്പളം അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപകരുടെ ശമ്പളവിവരങ്ങള്‍ ഇ-സബ്മിറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ശമ്പളവിവരങ്ങള്‍ സബ്മിറ്റ് ചെയ്യേണ്ട സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ഏപ്രില്‍ ആറിനു ശേഷം പ്രസ്തുത ഹെഡ് ഓഫ് അക്കൗണ്ട് നമ്പര്‍ അപ്രത്യക്ഷമാവുകയായിരുന്നു.
കഴിഞ്ഞവര്‍ഷം വരെ അക്കൗണ്ട് നമ്പര്‍ ഇല്ലെങ്കില്‍ പുതുതായി കൂട്ടിച്ചേര്‍ക്കാനുള്ള ഓപ്ഷനും സോഫ്റ്റ്‌വെയറില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആഡ്, എഡിറ്റ് എന്നീ ഓപ്ഷനുകള്‍ ഇല്ല. ഇതിനാല്‍ 2016-17 വര്‍ഷത്തെ ബില്ലുകള്‍ ഇ-സബ്മിഷന്‍ ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിനെ തുടര്‍ന്ന് ജില്ലയിലെ താല്‍ക്കാലിക അധ്യാപകരായ നിരവധി പേരുടെ ശമ്പളമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
2014-15 വര്‍ഷം മുതലുള്ള ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപക നിയമനങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതിനാല്‍ ഇപ്പോഴും നിരവധി പേര്‍ താല്‍ക്കാലിക അധ്യാപകരായാണ് ജോലിയില്‍ തുടരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ദിവസവേതനമാണ് എയ്ഡഡ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകര്‍ക്കും നല്‍കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപകരുടെ ദിവസവേതനം എല്ലാ മാസവും സര്‍ക്കാര്‍ അനുവദിക്കാറുണ്ടെങ്കിലും എയ്ഡഡ് മേഖലയിലേത് വര്‍ഷാവസാനമാണ് അനുവദിച്ചു നല്‍കാറുള്ളത്.
എന്നാല്‍ വിവരങ്ങള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ഇ-സബ്മിറ്റ് ചെയ്താല്‍ മാത്രമെ ട്രഷറിയില്‍ നിന്നു പണം സ്‌കൂള്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ കഴിയൂ. ഹെഡ് ഓഫ് അക്കൗണ്ട് ഇല്ലെന്ന വിവരം സ്പാര്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ട്രഷറിയുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദേശം.
എന്നാല്‍ ട്രഷറി അധികൃതരാകട്ടെ ഇ-സബ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ പണം അനുവദിക്കൂവെന്ന നിലപാടിലുമാണ്. സോഫറ്റ്‌വെയറിലെ പ്രശ്‌നം പരിഹരിക്കുകയോ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."