ഫാസിസത്തിനെതിരേ ഉയരേണ്ടത് മതേതര മതില്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കോഴിക്കോട്: രാജ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഫാസിസത്തിനെതിരേ മതേതര മതില് ശക്തിപ്പെടുത്തണമെന്നും കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയമായി മാറ്റാനുള്ള ശ്രമം ചെറുത്തുതോല്പിക്കണമെന്നും കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെ അന്വേഷണ സംവിധാനങ്ങളേയും കോടതികളേയും വരെ സ്വാധീനിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചുനിന്ന് പ്രതിരോധിക്കണമെന്നും കോഴിക്കോട്ട് നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. കത്വ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതുവരെ നിയമപരമായി പോരാട്ടം തുടരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നാലു ദിവസമായി കോഴിക്കോട് അരയിടത്ത്പാലം ശംസുല്‍ ഉലമാ നഗറില്‍ നടന്നുവന്ന സമ്മേളനം പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.കെ ഇബ്റാഹിം മുസ്ലിയാര് അധ്യക്ഷനായി.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പുറങ്ങ് അബ്ദുറഹിമാന് മുസ്ലിയാര്, എ.പി.പി തങ്ങള്‍, കെ.ടി ഹുസൈന് കുട്ടി, ആര്.വി കുട്ടിഹസ്സന് ദാരിമി, മുസ്തഫ മാസ്റ്റര്‍, എം.എ ചേളാരി, ഒ.പി അശ്റഫ്, അബു ഹാജി രാമനാട്ടുകര, സലാം ഫൈസി മുക്കം, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ബാസ് ദാരിമി, ടി.പി സുബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി സ്വാഗതവും ബാവ ഹാജി പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."