അടച്ചുപൂട്ടിയ കള്ള്ഷാപ്പ് വീണ്ടും തുറന്നു; ജനങ്ങള്‍ വീണ്ടും അടപ്പിച്ചു
അമ്പലപ്പുഴ: അടച്ചുപൂട്ടിയ കള്ള്ഷാപ്പ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പ്രതിഷേധ സമരവുമായി മദ്യ വിരുദ്ധ സമിതിയും പ്രദേശവാസികളും രംഗത്ത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മാര്‍ക്കറ്റ് വിയാനി റോഡില്‍ അടച്ചുപൂട്ടിയ കള്ള്ഷാപ്പാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരും പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപരോധവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കള്ളില്‍ വിഷാംശം കണ്ടതിനെ തുടര്‍ന്നാണ് എക്സൈസ് അധികാരികള്‍ 64-ാം നമ്പര്‍ കള്ള് ഷാപ്പ് അടച്ച് പൂട്ടിയത്. പിന്നീട് ഈ ഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഷാപ്പുടമ ഉത്തരവ് നേടിയങ്കിലും വിയാനി പള്ളി ഇടവക വികാരിയുടെ നേതൃത്വത്തില്‍ അന്ന് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷാപ്പ് അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ഷാപ്പിന്റെ ലൈസന്‍സ് പുതുക്കി കഴിഞ്ഞ ദിവസം രാവിലെ ഷാപ്പ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് സമീപത്തുള്ള പള്ളിയിലെ ഇടവക വികാരിമാരുടെയും മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഷാപ്പിനു സമീപം സമരം ആരംഭിച്ചത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുന്നപ്ര എസ്.ഐ ആര്. ബിനു, എ എസ് ഐ സിദ്ധീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും എത്തിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തുടര്‍ന്ന് ഷാപ്പ് അടക്കുകയായിരുന്നു. ഷാപ്പ് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചാല്‍ സമരം ശക്തമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."