HOME
DETAILS

കാന്തപുരത്തിന്റെ സംഘ്പരിവാര്‍ബന്ധവും സമുദായവഞ്ചനയും

  
backup
June 05 2016 | 02:06 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0

വ്യക്തിപരമായ വലിയ താല്‍പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയനേട്ടങ്ങള്‍ക്കുംവേണ്ടി മഞ്ചേശ്വരത്തടക്കം ബി.ജെ.പിക്കു വോട്ടുമറിച്ചുനല്‍കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കിയത് കേരളത്തിലെ മുസ്‌ലിം സമുദായത്തോടും മതേതരവിശ്വാസികളോടുംചെയ്ത കടുത്തവഞ്ചനയാണ്.
മുസ്‌ലിംകളുള്‍പ്പെടെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടും ദലിതുകളോടും ചരിത്രത്തിലും വര്‍ത്തമാനത്തിലും സംഘ്പരിവാറും നരേന്ദ്രമോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിക്കാനും ഇസ്‌ലാമിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളില്‍ ഏതെങ്കിലുമൊരു ധാരയെമാത്രം സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹിപ്പിച്ച്, ഒറ്റസമുദായമായി നില്‍ക്കുന്ന ഇന്ത്യയിലെ മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്ന തരത്തിലാണു കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്നത് തെളിവുസഹിതം ബോധ്യപ്പെട്ടിരിക്കുകയാണ്.
കാന്തപുരത്തിന്റെ നിര്‍ദേശമനുസരിച്ചു മഞ്ചേശ്വരത്തു തമ്പടിച്ച് തങ്ങളുടെ സര്‍വ കേഡര്‍വോട്ടുകളും ബി.ജെ.പിക്കു പോള്‍ചെയ്യിച്ചത് കാന്തപുരത്തോടു ചെറിയ അനുഭാവമുള്ളവര്‍ നേരില്‍ക്കണ്ട് അത്ഭുതപ്പെടുകയായിരുന്നു. സംഘ്പരിവാറിനുവേണ്ടി ഒരു മുസ്‌ലിം പണ്ഡിതന്‍ ഇത്രയും തരംതാഴുന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കും. അതേസമയം, ഇടതുസ്ഥാനാര്‍ഥിയെ വിളിച്ച് തങ്ങളുടെ പിന്തുണ താങ്കള്‍ക്കാണെന്നു പറയാനും ഇദ്ദേഹം ശ്രമിച്ചുകാണണം. ഡസനിലേറെയുള്ള ബി.ജെ.പി കേന്ദ്രമന്ത്രിപടയും ഹെലികോപ്റ്ററുകളും അതിനൊപ്പം കാന്തപുരവും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായി കാസര്‍കോട്ടു ക്യാംപുചെയ്യുന്നുവെന്ന വിവരം മനസിലാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം വലിയ നേതൃപ്പടയെത്തന്നെ മഞ്ചേശ്വരത്തേയ്ക്ക് അയക്കുകയായിരുന്നു.
ഉന്നതനേതാക്കളായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഐവാന്‍ ഡിസൂസ, വിനയകുമാര്‍ സൊര്‍ക്കെ, റാംനാഥ് റായി, ഹേമന്ത്‌ഷെട്ടി, ശകുന്തള ഷെട്ടി തുടങ്ങിയ നേതാക്കള്‍ അവിടെ ദിവസങ്ങളോളം ക്യാംപുചെയ്തു പ്രവര്‍ത്തിച്ചു. ഓരോ പഞ്ചായത്തിലും ഒരു മന്ത്രി, ഒരു എം.പി, ഒരു എം.എല്‍.എ എന്നിങ്ങനെ ചാര്‍ജ് ഏറ്റെടുത്തു നടത്തിയ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായും സമുദായത്തിന്റെ പ്രാര്‍ഥനമൂലമുള്ള ദൈവകടാക്ഷത്താലുമാണ് 89 വോട്ടുകള്‍ക്കു ബി.ജെ.പിയെ തോല്‍പ്പിച്ച് അത്ഭുതവിജയം നേടാനായത്. കാന്തപുരം ഒഴികെയുള്ള സര്‍വമുസ്‌ലിംസംഘടനകളും മതേതരസമൂഹവും ഒന്നിച്ചുനടത്തിയ കഠിനപ്രയത്‌നംകൊണ്ടുമാത്രമാണ് അത്യുത്തരകേരളത്തില്‍ സംഘ്പരിവാറിന് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയത്.
കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സാധിച്ചെന്നും മുസ്‌ലിംകളില്‍ക്കൂടി സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ബി.ജെ.പി ദേശീയനേതാക്കളുടെ പ്രസ്താവനകളും, ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തനിക്കു കാന്തപുരം മുസ്‌ലിയാര്‍ പിന്തുണ വാഗ്ദാനംനല്‍കിയെന്നു ബി.ജെ.പി നേതാവ് വി.എസ് ശ്രീധരന്‍പിള്ള പരസ്യമായി പറഞ്ഞതും, മലപ്പുറം നിയോജകമണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ സ്ഥാനാര്‍ഥി തനിക്ക് ഉസ്താദിന്റെ പിന്തണയുണ്ടെന്നു പരസ്യമായി പറഞ്ഞതും കാന്തപുരം നിഷേധിച്ചിട്ടില്ലെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
അഖിലേന്ത്യാസംഘടന രൂപീകരിച്ചു നാട്ടിലെത്തിയ കാന്തപുരത്തിനു നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് പറഞ്ഞത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. നരേന്ദ്രമോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യമുസ്‌ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരാണെന്നായിരുന്നു നേതാവിന്റെ വാഴ്ത്തല്‍. ആ വാക്കുകള്‍ കൈയടിയോടെ ആസ്വദിക്കുകയായിരുന്നു മുസ്‌ലിയാരും അനുയായികളും. പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റു മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ നരേന്ദ്രമോദിയുടെ പേരുകേട്ടു തക്ബീര്‍ ചൊല്ലിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ കാലങ്ങളായുള്ള അഭിപ്രായവ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചു വിഭാഗീയവല്‍ക്കരിച്ച് അതിന്റെ മറവില്‍ ഒരൂകൂട്ടമാളുകളെ സംഘ്പരിവാര്‍ ആലയത്തിലേയ്ക്കു കൊണ്ടെത്തിക്കാനുള്ള കാന്തപുരത്തിന്റെ നികൃഷ്ടനീക്കങ്ങള്‍ക്കെതിരേ സമുദായം ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.
ഓരോ തെരഞ്ഞെടുപ്പിലും ആര്‍ക്കാണ് തങ്ങളുടെ വോട്ടെന്ന് കൃത്യമായി പറയാതെ വിജയിച്ചവര്‍ക്കു പിന്തുണയുണ്ടായിരുന്നുവെന്നു പിന്നീട് അവകാശപ്പെടുന്ന ഹീനതന്ത്രമായിരുന്നു ഇക്കാലമത്രയും ഇദ്ദേഹം അവലംബിച്ചിരുന്നത്. മുസ്‌ലിംലീഗ് 20 സീറ്റ് നേടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ മൂന്നു സീറ്റുപോലും കിട്ടില്ലായിരുന്നുവെന്ന് ഒരു ടി.വി ചാനലിനോട് ജാള്യതയില്ലാതെ അഹന്തയോടെ കാന്തപുരം പറഞ്ഞതിന്റെ ക്ലിപ്പിങ്ങുകളും അതിനെതിരേയുള്ള പരിഹാസവചനങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തവണ മുസ്‌ലിംലീഗിനെ മുഴുവന്‍ സീറ്റിലും തോല്‍പ്പിക്കാനായി ഇറങ്ങിത്തിരിച്ച കാന്തപുരത്തിനു ലീഗിനെ തെല്ലുപോലും പ്രഹരിക്കാന്‍ കഴിഞ്ഞില്ലെന്ന വസ്തുത ബോധ്യപ്പെട്ടുകാണും.
മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനായി മതചിഹ്നങ്ങള്‍ മുഴുവന്‍ പുറത്തെടുത്ത് തങ്ങളുടെ മുഴുവന്‍ സഖാഫിമാരെയും വീടുകള്‍തോറും കയറിയിറങ്ങാന്‍ നിയോഗിച്ചിട്ടും അവിടത്തെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷവോട്ടര്‍മാര്‍ ലീഗ് സ്ഥാനാര്‍ഥിക്കു നല്‍കിയ മഹാഭൂരിപക്ഷം കാന്തപുരത്തിന്റെ അഹങ്കാരത്തിനുനല്‍കിയ ശിക്ഷയാണ്. പരാജയപ്പെടുത്താനുള്ള കാന്തപുരത്തിന്റെ കൂട്ടപ്രാര്‍ഥനക്കിടയിലും പതിനെട്ടു സീറ്റ് നിലനിര്‍ത്താനായ മുസ്‌ലിംലീഗിന് സ്വന്തം അശ്രദ്ധകൊണ്ടാണു മൂന്നു സീറ്റ് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്തു തന്നെ കാണാന്‍ വ്യത്യസ്തരായ സ്ഥാനാര്‍ഥികളും നേതാക്കളും കാരന്തൂരിലെ മര്‍കസിനുമുന്നില്‍ ദര്‍ശനത്തിനായി വന്നുനില്‍ക്കുന്ന കാഴ്ച സ്വയമാസ്വദിക്കുന്ന കാന്തപുരം അതു മാധ്യമങ്ങളെ മുന്‍കൂട്ടിയറിയിക്കാന്‍ മടിക്കാറുമില്ല.
എല്ലാ കക്ഷിനേതാക്കളും തന്റെ മുമ്പില്‍ നമ്രശിരസ്‌കരായി നില്‍ക്കുന്ന ദൃശ്യം സ്വന്തം അനുയായികളെക്കൊണ്ടു സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യിച്ചു രാഷ്ട്രീയക്കാരുടെമേല്‍ ചക്രവര്‍ത്തിചമയുകയാണ്. കാന്തപുരത്തിന്റെ പത്തിരട്ടി ആള്‍ബലമുള്ള സമസ്തയുടെ ചേളാരി ഓഫിസിലേയ്‌ക്കോ മുജാഹിദ് സെന്ററിലേയ്‌ക്കോ മര്‍ക്കസുദ്ദഅ്‌വയിലേയ്‌ക്കോ ഹിറാ സെന്ററിലേയ്‌ക്കോ മറ്റു മുസ്‌ലിം സംഘടനാ ആസ്ഥാനത്തേയ്‌ക്കോ ആരും വോട്ടിനായി ചെല്ലാത്തത് അവിടെ വോട്ടുകച്ചവടമില്ലെന്ന തിരിച്ചറിവുകൊണ്ടാണ്. താല്‍ക്കാലികനേട്ടത്തിനായി ഇത്തരം കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നവര്‍ക്കു പില്‍ക്കാലത്ത് വലിയ മാനഹാനിയായിരിക്കും സംഭവിക്കുക.
കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനത്തേയ്ക്കു താങ്കളുടെപേര് സോണിയാഗാന്ധിയോട് താനാണു ശുപാര്‍ശ ചെയ്തതെന്ന് അറിയാമല്ലോയെന്നു മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചു പറഞ്ഞ ഫോണ്‍സംഭാഷണം നേരത്തെതന്നെ വിവാദമായിട്ടുള്ളതാണ്. എം.കെ രാഘവന്‍ വിജയിച്ചു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരാളുടെപക്കല്‍ തങ്ങളുടെ പിന്തുണ താങ്കള്‍ക്കുണ്ടായിരുന്നുവെന്ന കുറിപ്പു കൈമാറിയതടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍ ഇദ്ദേഹത്തിന്റെ കള്ളക്കൗശലവുമായി ബന്ധപ്പെട്ടു പറയാനുണ്ട്.
കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍വന്നതുമുതല്‍ കേന്ദ്രഭരണകൂടത്തെയും ബി.ജെ.പിയെയും പിണക്കാതിരിക്കുകയും പരമാവധി സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളുകയും വഴി ബി.ജെ.പിയോടും ഫാസിസ്റ്റ് ഭരണകൂടത്തോടും സമുദായത്തില്‍ നിലനിന്നിരുന്നതും വളര്‍ന്നുവന്നിരുന്നതുമായ പ്രതിഷേധത്തെ ഭിന്നിപ്പിക്കാനും ബി.ജെ.പിയോടുള്ള മുസ്‌ലിം ജനസാമാന്യത്തിന്റെ അസ്പൃശ്യത അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനംമുതല്‍ ആര്‍.എസ്.എസ് മുന്‍കൈയെടുത്തു സംഘടിപ്പിച്ച സൂഫി സമ്മേളനത്തിന്റെ നേതൃരംഗത്തെത്തിയതടക്കമുള്ള സംഗതികള്‍ വെളിവാക്കുന്നത് ഇതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയത്തോടടുപ്പിച്ച മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.ജെ.പിയെ പിന്തുണച്ചതിന്റെ രഹസ്യം മറ്റൊന്നുമല്ല. വിജയിച്ച സ്ഥാനാര്‍ഥികളും മുന്നണികളും തങ്ങളുടെ പിന്തുണകൊണ്ടാണെന്ന പതിവുപല്ലവി ആവര്‍ത്തിക്കാന്‍ ഇടനല്‍ക്കാത്തവിധം മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി നിലകൊണ്ടത് ഇത്തരം മതമേലധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെതിരേയുള്ള താക്കീതായി കാണേണ്ടതുണ്ട്. കേരളത്തിലെ ജയപരാജയങ്ങളില്‍ ഇത്തരം കപടമതപുരോഹിതന്‍മാര്‍ക്ക് ഒരുപങ്കുമില്ലെന്നതിന്റെ നിദര്‍ശനമാണു മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പുവിജയമെന്നത് അഭിമാനകരമാണ്.
മുസ്‌ലിംസമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ സമുദായസംഘടനകള്‍ ഒന്നിച്ചുനിന്നപ്പോള്‍ വിഘടിച്ചുനില്‍ക്കുന്ന നയമാണു കാന്തപുരം സ്വീകരിച്ചത്. പരിശുദ്ധമായ ഇസ്‌ലാമിക ശരീഅത്ത് വെല്ലുവിളി നേരിട്ടപ്പോള്‍ അഭിപ്രായവ്യത്യാസംമറന്ന് എല്ലാവരും യോജിച്ചുനീങ്ങിയപ്പോഴും അതിനോടു സഹകരിക്കാതെ പുറംതിരിഞ്ഞുനിന്നതു സമൂഹം മറന്നിട്ടില്ല. അന്നുമുതല്‍ ഇന്നുവരെ സമുദായപ്രശ്‌നങ്ങളില്‍ ഇദ്ദേഹം സ്വീകരിക്കുന്ന നിലപാടും സമീപനവും സമുദായഐക്യത്തിന് എതിരാണ്. ഇദ്ദേഹത്തിന്റെ അനുയായിയായി അറിയപ്പെടുന്ന തൃശൂര്‍ജില്ലയിലെ ഒരു സഖാഫി മുസ്‌ലിംലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടതു മുസ്‌ലിംലീഗ് യോഗങ്ങള്‍ ഫാത്വിഹ ഓതി ആരംഭിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്.
മുസ്‌ലിംസമുദായത്തിലെ എല്ലാവിഭാഗങ്ങളും ഇതരമതസമൂഹങ്ങളിലെ മതേതരവിശ്വാസികളും ഉള്‍പ്പെടുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള രാഷ്ട്രീയപ്രസ്ഥാനമാണു മുസ്‌ലിംലീഗ്. ആ നിലയില്‍ എല്ലാവരോടും മാന്യമായ സമീപനമാണു മുസ്‌ലിംലീഗ് പുലര്‍ത്തിപ്പോരുന്നത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണു ലീഗ് മന്ത്രിമാരും നേതാക്കളും കാന്തപുരത്തിന്റേതടക്കമുള്ള പരിപാടികള്‍ക്കു വിമര്‍ശനങ്ങള്‍ക്കിടയിലും പങ്കെടുത്തുകൊണ്ടിരുന്നത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇവരുടെ വിമര്‍ശനങ്ങളോടു മൗനമവലംഭിച്ചതും മേല്‍നിലപാടുകളുടെ വെളിച്ചത്തിലാണ്.
പൊതുവിശ്വാസങ്ങളില്‍ സമുദായം ഒന്നിച്ചുനില്‍ക്കണമെന്ന കേരള മുസ്‌ലിംങ്ങളുടെ സ്വപ്നം തകര്‍ത്തതു കാന്തപുരമാണെന്ന് അറിവുണ്ടായിട്ടും മുസ്‌ലിംലീഗ് ഏറെ ക്ഷമിച്ചു. എന്നാല്‍, പണ്ടുമുതല്‍ സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച സംഘ്പരിവാര്‍ ശക്തികളോടു തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരത്തിന്റെ സമുദായവിരുദ്ധ അജന്‍ഡകളെ വിമര്‍ശിക്കാതിരിക്കാന്‍ മുസ്‌ലിംലീഗിനു കഴിയില്ല. എല്ലാ കാലവും ഈ ഹീനപ്രവൃത്തികളെ നോക്കിനില്‍ക്കാന്‍ ഒരു ന്യൂനപക്ഷരാഷ്ട്രീയപ്രസ്ഥാനത്തിനാവില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് കാന്തപുരം കഴിഞ്ഞ കുറേകാലമായി നടത്തിവരുന്ന ഗൂഢാലോചനകള്‍ ഭീതിയോടെ മാത്രമേ സമുദായസ്‌നേഹികള്‍ക്കും മതനിരപേക്ഷ സമൂഹത്തിനും കാണാനാവൂ.
അന്താരാഷ്ട്ര സൂഫിസമ്മേളനമെന്നപേരില്‍ മോദിയുടെ ചെലവില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ ഒരുപറ്റം സൂഫി മൗലാനമാരുടെ സമ്മേളനമാമാങ്കം മുഖ്യധാരാ മുസ്‌ലിംങ്ങളെ മൊത്തം വ്യംഗ്യമായി ഭീകരവാദപ്രയോക്താക്കളായി ചിത്രീകരിക്കുംവിധമായിരുന്നു.
ഈ സമ്മേളന തട്ടിക്കൂട്ടലിനു ചരടുവലിക്കാനും അന്താരാഷ്ട്രപ്പട്ടം ചാര്‍ത്താനും നരേന്ദ്രമോദി നിയമിച്ചത് ആസിഫ് ഇബ്രാഹിം, അജിത്‌ഡോവല്‍ എന്നീ വ്യക്തികളേയാണെന്നാണു വാര്‍ത്തകള്‍. ഇവരുടെ ഗതകാലചരിത്രമാകട്ടെ നരേന്ദ്രമോദിയെയും കൂട്ടരെയും വഴിവിട്ടു സഹായിച്ചതുമാണ്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയരക്ടര്‍ സ്ഥാനത്ത് 1947ല്‍ നിയമിതനായ ടി.വി സഞ്ജീവി പിള്ള തൊട്ട് ഇപ്പോഴുള്ള ദിനേശ്വര്‍ ശര്‍മവരെയുള്ള 25പേരില്‍ ഒരേയൊരു മുസ്‌ലിമാണ് 2013 ജനുവരിയില്‍ യു.പി.എ സര്‍ക്കാരിനാല്‍ നിയമിതനായ സയ്യിദ് ആസിഫ് ഇബ്രാഹിം. മധ്യപ്രദേശ് കേഡറില്‍ 1977 ബാച്ച് ഐ.പി.എസ് ഓഫിസറാണ് ഇദ്ദേഹം. ഇശ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഗുജ്‌റാത്ത് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ വ്യാജറിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ടു നിലപാടു സ്വീകരിച്ച് മതേതര രാജ്യത്തെ ഞെട്ടിച്ച വ്യക്തിയാണ് സയ്യിദ് ആസിഫ് ഇബ്രാഹിം. ഈ കേസില്‍ നിന്നു നരേന്ദ്രമോദിയെയും അമിത്ഷായെയും മറ്റു കുറ്റവാളികളെയും രക്ഷപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തികൂടിയാണ് ആസിഫ് ഇബ്രാഹിമെന്നത് പരസ്യമാണ്. ഇതിന്റെ പാരിതോഷികമെന്ന നിലയ്ക്കാണു മോദി അധികാരമേറ്റയുടന്‍ ഇദ്ദേഹത്തെ വലിയ ഡിപ്ലോമാറ്റിക് റാങ്കോടെ രാജ്യത്തിന്റെ തീവ്രവാദ- ഭീകരവാദ പ്രതിരോധ തലവനായി (സി.ടി.ഇ) നിയമിച്ചത്.
നരേന്ദ്രമോദിക്ക് കേന്ദ്രഭരണം പിടിക്കാനായി ബൗദ്ധികപ്രവൃത്തികള്‍ക്കു നേതൃത്വം നല്‍കിയ ഒരു സംഘടന അബ്‌കോയെന്ന അമേരിക്കന്‍ ഏജന്‍സിയാണെങ്കില്‍ മറ്റൊന്ന് ഇന്ത്യയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ്. അതിന്റെ മുഖ്യതലച്ചോറെന്ന വിശേഷണത്തിന് വിധേയനായ അജിത്‌ഡോവല്‍ 2004-2005 കാലത്ത് ഇന്റലിജന്റ്‌സ് ബ്യൂറോയുടെ ഡയറക്ടറായിരുന്നിട്ടുണ്ട്. കേരള കേഡറില്‍ 1968 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ഇദ്ദേഹം. മിത്രമായ നിപേന്ദ്ര മിശ്രയോടൊത്ത് അജിത്‌ഡോവലാണ് മോദിക്ക് അധികാരത്തിലെത്താന്‍വേണ്ടി ബൗദ്ധിക ധൈഷണികതന്ത്രങ്ങള്‍ മെനഞ്ഞത്. ഇതിന്റെ ഉപകാരസ്മരണയിലാണ് ഇദ്ദേഹത്തെ നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ ദേശീയസുരക്ഷാ ഉപദേശകനായി (എന്‍.എസ്.എ) നിയമിച്ചത്.
അധികാരമേറ്റയുടന്‍ മുസ്‌ലിം പിന്തുണയാര്‍ജ്ജിക്കാന്‍ മോദി ചുമതലപ്പെടുത്തിയത് ഈ രണ്ടു മോദി ഭക്തരെത്തന്നെയായിരുന്നു. ആസിഫ് ഇബ്രാഹിമും അജിത്‌ഡോവലും ഉത്തരപ്രദേശിലെ കച്ചൗച്ച് പ്രദേശത്തെ കച്ചൗച്ച് ഷരീഫിലെ സൂഫി ഇമാമും ബി.ജെ.പി സഹയാത്രികരുമായ മുഹമ്മദ് അഷ്‌റഫ് കച്ചൗച്ചിയെ മുന്നില്‍ നിര്‍ത്തി ന്യൂ ഡല്‍ഹിയില്‍ അന്തര്‍ദേശീയ സൂഫിസമ്മേളനം സംഘടിപ്പിച്ചത്.
നേരത്തെ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമെല്ലാം അംബാസിഡറായും മറ്റും ജോലി ചെയ്തിരുന്ന ഇവര്‍ക്ക് അവിടങ്ങളിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് കുറേ സൂഫിമൗലാനമാരെ സംഘടിപ്പിച്ച് അന്താരാഷ്ട്ര സമ്മേളനമെന്ന ഖ്യാതി സൃഷ്ടിച്ചത്.
അതിനു മുന്നോടിയായി 2015 ഓഗസ്റ്റ് 27ന് നരേന്ദ്ര മോദിയെ പിന്തുണക്കുന്ന സൂഫി നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കു വന്ന പ്രമുഖരായ ആറു പ്രധാന വ്യക്തികളുടെ പേര് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. അതില്‍ നാലാമത്തെ പേര് ശൈഖ് അബൂബക്കര്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നാണ്. ശൈഖ് എന്ന സ്ഥാനപ്പേര് തന്റെ പേരിനോടൊപ്പം ചാര്‍ത്തിയ ആ വ്യക്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ആണെന്നതു പിന്നീടാണു പലരും മനസിലാക്കിയത്. ആ കൂടിയാലോചനയ്ക്ക് ശേഷമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഈ അന്താരാഷ്ട്ര സൂഫി സമ്മേളനം നടക്കുന്നത്. ആ സമ്മേളനത്തിലും ഇദ്ദേഹവും കൂട്ടാളികളും സജീവമായി പങ്കെടുക്കുകയും നരേന്ദ്രമോദിയോടൊപ്പമുള്ള ബഹുവര്‍ണഫോട്ടോകള്‍ യഥേഷ്ടം അനുയായികളെക്കൊണ്ട് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്...
നരേന്ദ്രമോദിക്ക് കീഴില്‍ ചതഞ്ഞരഞ്ഞ ആയിരങ്ങളുടെ കണ്ണീര് ഈ സമ്മേളനം കണ്ടതായിപ്പോലും ഭാവിച്ചില്ല. ഗുജ്‌റാത്തില്‍ ആദ്യമായി ഒരു മുസ്‌ലിംസമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി കാന്തപുരത്തിനു മാത്രമാണ് ലഭിച്ചത്. അത്രയും ദൃഢമാണ് ബി.ജെ.പിയുമായുള്ള ബന്ധം.
സ്‌പെയിനിലെപ്പോലെ മതപണ്ഡിതരെ കൈയിലെടുത്താലേ ഇസ്‌ലാമിനെ നശിപ്പിക്കാന്‍പറ്റൂവെന്ന തിരിച്ചറിവാകണം മോദിയെ ഈ ചങ്ങാത്തത്തിനു പ്രേരിപ്പിച്ചത്. മോദി വാഴ്ത്തല്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഒരുപക്ഷേ ഇനി വല്ല പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
നരേന്ദ്രമോദി വഴി കാന്തപുരത്തിന്റെ മര്‍കസിന് അക്കൗണ്ട് വഴി അഞ്ചുകോടി രൂപ സംഭാവന നല്‍കിയെന്ന ആരോപണം ചില സംഘടനകള്‍ നേരത്തെ ഉന്നയിച്ചിരുന്നതാണ്. പക്ഷെ ഇന്നുവരെ അത് നിഷേധിക്കാനോ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്താനോ കാന്തപുരം മുതിര്‍ന്നിട്ടില്ലെന്നതും ദുരൂഹമാണ്.
വ്യക്തിഗതതാല്‍പര്യത്തിനുവേണ്ടി, പിറന്നുവീണ സമുദായത്തെ മറന്ന് രാജ്യത്തെ പലയിടങ്ങളിലും സമുദായത്തെ ഉന്മൂലനംചെയ്ത ഫാസിസ്റ്റ് ശക്തികളോടു ചേര്‍ന്നു നടത്തുന്ന വഴി വിട്ടകളികള്‍ സമുദായവും മതനിരപേക്ഷ സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വസ്തുത കാന്തപുരവും താമരസുന്നികളും മനസിലാക്കുന്നത് നല്ലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago