മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം: നഷ്ടമായത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷകള്‍
ഏറ്റുമാനൂര്‍: മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് മരിച്ച കോട്ടയം മാന്നാനം കെ.ഇ. കോളേജിലെ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി പ്രേം സാഗറിന്റെ (18) വിയോഗം തകര്‍ത്തത് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകള്‍.
കോളേജില്‍ പടര്‍ന്നു പിടിച്ച മഞ്ഞപിത്തബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിലായിരുന്ന തിരുവനന്തപുരം നേമം എടക്കോട് സ്‌നേഹസില്‍ സുരേഷ്‌കുമാറിന്റെയും പ്രീതയുടെയും മകന്‍ പ്രേം സാഗര്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.മരണമടഞ്ഞ വിദ്യാര്‍ത്ഥി പ്രേം സാഗര്‍ തീര്‍ത്തും നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു. ജനുവരി അവസാനമായതോടെയാണ് കോളേജില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്നു പിടിച്ചത്.
ഇതിനിടെയാണ് പ്രേമിനും രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രേം തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. മാര്‍ച്ചില്‍ കോളേജില്‍ തിരിച്ചെത്തിയെങ്കിലും സംശയം തോന്നിയ ഡോക്ടര്‍ കൂടിയായ ഒരു അദ്ധ്യാപിക നിര്‍ദ്ദേശിച്ചതനുസരിച്ച് നടത്തിയ പരിശോധനയില്‍ അസുഖം പൂര്‍ണ്ണമായി മാറിയില്ലെന്ന് കണ്ടെത്തി. വീണ്ടും നാട്ടിലേക്ക് ചികിത്സക്കായി പോയ പ്രേമിനെ ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ പതിനൊന്നിന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റി വെക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനിടെ വെന്റിലേറ്ററിലേക്ക് മാറ്റിയ പ്രേമിന്റെ രോഗം നിയന്ത്രണാതീതമായി മൂര്‍ച്ഛിക്കുകയും ഞായറാഴ്ച ഉച്ചയോടെ മസ്തിഷ്‌കമരണം സംഭവിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ മണിയോടെ മരണം സ്ഥിരീകരിച്ചു. കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് തന്റെ കരള്‍ പകുത്തു നല്‍കാന്‍ പിതാവ് സുരേഷ്‌കുമാര്‍ തയ്യാറാകുകയും സഹപാഠികളും അധ്യാപകരും അതിനുള്ള സാമ്പത്തികം ഉണ്ടാക്കാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്നതിനിടെയാണ് പ്രേം വിടപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."