ഹിന്ദു ഐക്യവേദി-യുവജന കൂട്ടായ്മ പ്രകടനത്തില്‍ സംഘര്‍ഷാവസ്ഥ
ചങ്ങനാശേരി: ജമ്മു കശ്മീരിലെ കത്വാവായില്‍ പീഡനത്തിനിരയായി കൊല്ലപെട്ട ഏട്ടുവയസ്സുകാരി ആസിഫാക്ക് നീതി ലഭിക്കണമെന്നാവശ്യപെട്ട് നഗരത്തിലെ യുവജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയവരും മറ്റൊരു പ്രകടനം നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ പോര്‍വിളി നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഘര്‍ഷ സൂചന ലഭിച്ച പൊലിസിന്റെ അവസരോചിത ഇടപെടലാണ് രംഗം ശാന്തമാക്കിയത്.യുവജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പെരുന്നയിലെത്തുമ്പോള്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനത്തിനായി സംഘടിച്ചിരുന്നു. യുവജനകൂട്ടായ്മയുടെ പ്രകടനം പെരുന്ന എന്‍.എസ്.എസ് കോളേജിനു മുന്നിലൂടെ റെഡ് സ്‌ക്വയറിലേക്ക് നീങ്ങിയതോടെ അവിടെ നിന്നിരുന്ന ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകരും യുവജനകൂട്ടായ്മയുടെ പ്രവര്‍ത്തകരും തമ്മില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക് നാങ്ങുന്ന കാഴ്ചയാണ് കണ്ടത്. സംഘര്‍ഷ സൂചന ലഭിച്ച പൊലിസ് ഉടന്‍തന്നെ അവസരോചിതമായി ഇടപെട്ടത് സംഘര്‍ഷം ഒഴിവാക്കി. റോഡിലൂടെ എത്തിയ വലിയ വാഹനങ്ങള്‍ എം.സി റോഡിനും ഇരു പ്രകടനങ്ങള്‍ക്കും നടുവിലിട്ടാണ് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസ് ശ്രമിച്ചത്. ഇരുവിഭാഗങ്ങളും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും മധ്യത്തില്‍ പൊലിസ് ശക്തമായി നിലയുറപ്പിച്ചശേഷം യുവജനകൂട്ടായ്മയുടെ പ്രകടനം കടത്തിവിട്ടു. അല്‍പം കഴിഞ്ഞ് ഹിന്ദുക്കള്‍ക്കെതിരെ രാജ്യത്ത് അക്രമം നടത്തുന്നതില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സെന്‍ട്രല്‍ ജംങ്ഷനിലെത്തി.
ഇതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചിങ്ങവനം, തൃക്കൊടിത്താനം പൊലിസ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലിസ് സംഘത്തെ എത്തിച്ച് നഗരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തി. പൊലിസിന്റെ ശക്തമായ താക്കീത് ലഭിച്ചതോടെ ഇരു കൂട്ടരും പിരിഞ്ഞു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."