പരവൂര്‍ ദുരന്തം: കേന്ദ്ര കമ്മിഷനില്‍ കലക്ടറും പൊലിസ് കമ്മിഷണറും മൊഴി നല്‍കി
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ മുന്‍പാകെ ജില്ലാ കലക്ടര്‍ എ.ഷൈനാമോളും സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശും മൊഴി നല്‍കി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മുന്‍ എം.പിയും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാനുമായ എന്‍. പീതാംബരക്കുറുപ്പ് മൊഴി നല്‍കാനെത്തിയില്ല. പിന്നീട് ഹാജരായി മൊഴി നല്‍കാന്‍ അവസരം നല്‍കണമെന്ന് പീതാംബരക്കുറുപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേഷ് ഉളിയക്കോവില്‍ കമ്മിഷനോട് അഭ്യര്‍ഥിച്ചു. മൊഴി നല്‍കാനെത്താത്തവര്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാനും ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സുമായ ഡോ. എ.കെ യാദവ് പറഞ്ഞു. മത്സരക്കമ്പം മുന്‍കൂട്ടി നിരോധിച്ചിരുന്നുവെന്നാണ് ജില്ലാ കലക്ടറുടെ മൊഴി. മത്സരക്കമ്പത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും ആചാരപരമായി നടത്താമെന്നു മാത്രമാണ് ശുപാര്‍ശ നല്‍കിയിരുന്നതെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പി.പ്രകാശ് വ്യക്തമാക്കി. രാഷ്ട്രീയ സമ്മര്‍ദമില്ലായിരുന്നുവെന്നും കമ്മിഷണര്‍ മൊഴി നല്‍കിയിട്ടുണ്ട്. വാക്കാലോ രേഖാമൂലമോ അനുമതി നല്‍കിയിട്ടില്ലെന്ന് എ.ഡി.എം ഷാനവാസ് കമ്മിഷനെ അറിയിച്ചു. നിയമപരമായല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ തന്നെ വിളിച്ചിട്ടില്ലെന്നും എ.ഡി.എം മൊഴി നല്‍കി.
വെടിക്കെട്ട് നിരോധിക്കുന്ന രീതിയിലുള്ള നീക്കം ഉണ്ടാകരുതെന്ന് തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവയുടെ സംഘാടകര്‍ കമ്മിഷനോട് അഭ്യര്‍ഥിച്ചു. ശബ്ദം കുറച്ച്, വര്‍ണാഭമായാണ് വെടിക്കെട്ട് സംഘടിപ്പിക്കേണ്ടത്. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ അപകടമുണ്ടായത് അശ്രദ്ധ കൊണ്ടാണ്.
നിയന്ത്രണങ്ങളോടെ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും നെന്മാറ വേല സംഘടിപ്പിക്കുന്ന നെന്മാറ വല്ലങ്ങി ദേശക്കാരും കമ്മിഷനോട് അഭ്യര്‍ഥിച്ചു. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ആര്‍. വേണുഗോപാല്‍, ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് (റിട്ട.) ജി.എം. റെഡ്ഡി, ടി.കെ.എം. എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി കെ.ബി രാധാകൃഷ്ണന്‍ എന്നിവരും വിദഗ്ധസംഘത്തിലുള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."