ആളിയാറില്‍ നിന്ന് കുടിവെള്ളത്തിനായി നല്‍കുന്ന വെള്ളം: തമിഴ്‌നാട് പുതിയ തന്ത്രം മെനയുന്നു
പാലക്കാട് : ഇത്തവണ ആളിയാറില്‍ നിന്നും കുടിവെള്ളത്തിനായി നല്‍കുന്ന വെള്ളം തരാതിരിക്കാന്‍ തമിഴ്‌നാട് പുതിയ തന്ത്രം മെനയുന്നു. പറമ്പിക്കുളം അപ്പര്‍ ആളിയാര്‍ ഡാമുകളില്‍ വെള്ളം ഇല്ലെന്ന് വരുത്തി തീര്‍ത്തു് കേരളത്തിന് കിട്ടാനുള്ള വെള്ളം നല്‍കാതിരിക്കാനാണ് നീക്കം. കഴിഞ്ഞ ഒരാഴ്ച്ച 200 ഘനയടി വെള്ളം വിടാമെന്ന് അറിയിച്ചിരുന്ന തമിഴ്‌നാട് രണ്ടു ദിവസം വെള്ളം വിടുകയും,പിന്നീട് കുറക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂലത്തറ റെഗുലേറ്ററില്‍ വെറും 67 ഘനയടി വെള്ളമാണ് എത്തിയത്.
വിഷുകഴിഞ്ഞാല്‍ ഒന്നാം വിള ഇറക്കാനുള്ള നടപടി ആരംഭിക്കണമെന്നിരിക്കെ കുടിവെള്ളത്തിന് പോലും വെള്ളം വിടാത്ത അവസ്ഥയുണ്ട്. കരാര്‍ പ്രകാരം ഇനി ഒന്നര ടി.എം.സി വെള്ളം കേരളത്തിന് കിട്ടാനുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. നേരത്തെ ഏപ്രില്‍ ഒന്ന് മുതല്‍ മഴക്കാലം വരെ ദിവസം നൂറ് ഘനയടി വെള്ളം വിട്ടു നല്‍കുന്ന പതിവുണ്ട്. ഇക്കുറി അത് കിട്ടുമോയെന്ന് കണ്ടറിയണം. അന്തര്‍ സംസ്ഥാന ജലോപയോഗ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കപ്പുറം മറ്റൊരു നടപടിക്കും തയാറായിട്ടില്ല.
വെള്ളത്തിനായി തമിഴ്‌നാടിനോട് യാചിക്കേണ്ട ഗതികേടുണ്ടാക്കിയത് ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കി മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ പുനരവലോകനം നടത്താമെന്നിരിക്കെ, ഇപ്പോള്‍ അറുപതു വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ അവശേഷിക്കെ സര്‍ക്കാര്‍തലത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തി പറമ്പിക്കുളം ആളിയാര്‍ ട്രിബുണലിനെ നിയമിക്കാന്‍ കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹൈകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതേആവശ്യമുന്നയിച്ചു് ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍പെടുന്ന പഞ്ചായത്തുകളിലെ കര്‍ഷകരില്‍ നിന്നും പണപിരിവ് നടത്തി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം കര്‍ഷകര്‍. ഒരു പാടശേഖര സമിതിയിലെഒരു കര്‍ഷകനില്‍ നിന്നും നൂറു രൂപ വീതമാണ് ഇതിനുവേണ്ടി ശേഖരിക്കുന്നത്.
എന്നാല്‍, കരാറിലെ വ്യവസ്ഥകളനുസരിച്ചു വ്യക്തികള്‍ക്കോ, കര്‍ഷക കൂട്ടായ്മകള്‍ക്കോ കേസിനു പോകാന്‍ കഴിയില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത് . ആര്‍ബിറ്റേറ്ററെ നിയമിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്താലേ കഴിയുകയുള്ളു. ഇടതു സര്‍ക്കാരിന് തീരുമാനിച്ചു നടപ്പിലാക്കാമെന്നിരിക്കെ അതിന് തയാറാവാത്തതില്‍ ദുരൂഹതയുണ്ട്. കരാര്‍ പുതുക്കാതെ തമിഴ്‌നാടിനെ സഹായിക്കാനും ചില ഉദ്യോഗസ്ഥര്‍ അണിയറയില്‍ കളിക്കുന്നുണ്ട്. ഇതിനായി കോടികള്‍ മറിച്ചു കൊണ്ടുള്ള കളികളാണ് തമിഴ്‌നാട് നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."