പാവപ്പെട്ടവന് നീതി വീട്ടുപടിക്കലെത്തണം: ജ. തോട്ടത്തില്‍ ബി. രാധാകൃഷ്ണന്
വൈത്തിരി (വയനാട്): സാധാരണക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി വീട്ടുപടിക്കലെത്തണമെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്. വൈത്തിരിയില്‍ മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ(ഗ്രാമ കോടതി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിക്കും ആവശ്യമായ സമയത്തും സ്ഥലത്തും നീതി ലഭിക്കണം. വൈകി ലഭിക്കുന്ന നീതി ഒരാളുടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ല. ഭാരതസങ്കല്പ്പത്തില് നീതിദേവത കണ്ണ് മൂടിക്കെട്ടിയാണുള്ളതെന്നും എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കാനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് അധ്യക്ഷനായി. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണമെങ്കില്‍ അന്താസ്സുറ്റ ഒരു നീതിന്യായ വ്യവസ്ഥ രാജ്യത്ത് നിലനില്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തിലും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് അനുസരിച്ചാണ് ഗ്രാമ കോടതി സ്ഥാപിക്കുന്നത്. 2009 ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യമുള്ള ഈ നിയമമനുസരിച്ച് രാജ്യത്ത് 5000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 200ല്‍ താഴെ ഗ്രാമ കോടതികള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."