ദൂമ രാസായുധപ്രയോഗം: സ്വതന്ത്ര അന്വേഷണത്തിനുള്ള യു.എന്‍ പ്രമേയം റഷ്യ തള്ളി
ന്യൂയോര്‍ക്ക്: സിറിയയിലെ ദൂമയില്‍ രാസായുധപ്രയോഗം നടത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന യു.എന്‍ പ്രമേയത്തെ റഷ്യ തള്ളി. യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയമാണ് റഷ്യ തള്ളിയത്.
ഈമാസം ഏഴിന് കിഴക്കന്‍ ഗൂഥയിലെ ദൂമയില്‍ 85 പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തില്‍ വിവാദം തുടരുന്നതിനിടെയാണ് റഷ്യയുടെ നീക്കം. സിറിയയില്‍ നടന്ന രാസായുധാക്രമണം ബ്രിട്ടണ്‍ ചെയ്ത നാടകം മാത്രമാണെന്നാണ് റഷ്യയുടെ വാദം. രാസായുധാക്രമണം അതിരുവിട്ടെന്നു കാട്ടി അമേരിക്ക- ബ്രിട്ടണ്‍- ഫ്രാന്‍സ് സഖ്യസേന സിറിയക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതൊരു നാടകമായിരുന്നുവെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്.
സംവാദം ശക്തമായതോടെ ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടക്കട്ടേയെന്ന നിലപാടെടുത്താണ് ഫ്രാന്‍സ് പ്രമേയം കൊണ്ടുവന്നത്. രാസായുധാക്രമണം ചര്‍ച്ചചെയ്യാന്‍ ഇത് ആറാമത്തെ തവണയാണ് യു.എന്‍ സുരക്ഷാസമിതിയാണ് ചേരുന്നത്.
അതേസമയം, രാസായുധ പ്രയോഗം നടന്നോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ യു.എന്നിന്റെ നേതൃത്വത്തില്‍ രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) സിറിയയില്‍ എത്തിയിട്ട് ദിവസങ്ങളായെങ്കിലും ദൂമയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇവിടെ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് സിറിയന്‍ സര്‍ക്കാര്‍ ഇവരെ പ്രവേശിപ്പിക്കാതിരിക്കുന്നത്. എന്നാല്‍, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് യു.എസ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."