ഭൂമി വിവാദം: കൊല്ലം ബിഷപ്പ് സ്ഥാനമൊഴിഞ്ഞു
കൊല്ലം: കൊല്ലത്തെ ലത്തീന്‍സഭാ ഭൂമിവിവാദവും അതിനെ തുടര്‍ന്നുണ്ടായ കോടതിവിധിയുടെയും പശ്ചാത്തലത്തില്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ സ്ഥാനമൊഴിഞ്ഞു. കൊല്ലം രൂപതാ വികാരി ജനറാള്‍ ആയിരുന്ന മോണ്‍.പോള്‍ ആന്റണി മുല്ലശ്ശേരിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നലെ കൊല്ലം മെത്രാനായി നിയമിച്ചു. ലത്തീന്‍ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് കൊല്ലം ബിഷപ്പായിരുന്ന സ്റ്റാന്‍ലി റോമനെതിരേയുള്ള കോടതിവിധിയാണ് സ്ഥാനമൊഴിയുന്നതിന് കാരണമായത്. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദത്തിനിടയിലാണ് കൊല്ലത്തെ ലത്തീന്‍സഭാ ഭൂമിവിവാദവും പുറത്തു വന്നത്. ബിഷപ്പ് സഭാ സ്വത്തുക്കള്‍ വില്‍ക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ചുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളികളെയോ സ്ഥലംമാറ്റുന്നതും തടഞ്ഞ് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ, ബിഷപ്പ് നല്‍കിയ അപ്പീല്‍ കൊല്ലം മൂന്നാം അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (വഖ്ഫ് ട്രൈബ്യൂണല്‍) കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കാനാന്‍ നിയമപ്രകാരം നിയമിതനായ ബിഷപ്പ്, 74 വയസ് പൂര്‍ത്തിയായാല്‍ നിയമം അനുശാസിക്കും വിധം തന്റെ രാജിക്കത്ത് മാര്‍പ്പാപ്പക്ക് അയക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് അധികാരം ഒഴിഞ്ഞ് അടുത്തയാളിന് കൈമാറുകയും വേണം. 75 വയസ് കഴിഞ്ഞ ബിഷപ്പ് സഭാ സ്വത്തുക്കള്‍ വില്‍പ്പന നടത്തുന്നതായും ഭരണത്തില്‍ ക്രമക്കേടു നടക്കുന്നതായും വിശ്വാസികളില്‍ ഒരുവിഭാഗം ആരോപിച്ചിരുന്നു. സ്ഥാനമൊഴിയുംമുമ്പ് ബിഷപ്പ് തന്നിഷ്ടപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച ആക്ട് ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. കാനാന്‍ നിയമങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് പ്രാര്‍ഥനാധികാരം മാത്രമുള്ള കാവല്‍ ബിഷപ്പായി സ്റ്റാന്‍ലിറോമനെ കോടതിക്ക് കണക്കാക്കേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."