ചെങ്കുളം പവര്‍ഹൗസ് അടച്ചിട്ട് ഒരു മാസം; തകരാര്‍ പരിഹരിക്കല്‍ അനിശ്ചിതത്വത്തില്‍
തൊടുപുഴ: ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ച ചെങ്കുളം പവര്‍ ഹൗസിലെ തകരാര്‍ ഒരു മാസം പിന്നിട്ടിട്ടും പരിഹരിക്കാനായിട്ടില്ല. ഇതുമൂലം പീക്ക് ലോഡ് ആവശ്യത്തിന് കെ.എസ്.ഇ.ബി ക്ക്് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നതിന് പുറമെ ലക്ഷങ്ങളുടെ വൈദ്യുതിക്കുള്ള വെള്ളം പാഴാക്കുകയുമാണ്.
സര്‍ജില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് 51.2 മെഗാവാട്ട് ശേഷിയുള്ള ചെങ്കുളം പവര്‍ ഹൗസ് മാര്‍ച്ച് 18 നാണ് അടച്ചത്. ഏപ്രില്‍ 15 ന് പവര്‍ ഹൗസ് പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് ഒടുവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തകരാര്‍ പരിഹരിക്കല്‍ ജോലികള്‍ അനിശ്ചിതത്വത്തിലാണ്. ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന സിവില്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്വകാര്യ ആവശ്യത്തിനായി അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
പുറം കരാര്‍ നല്‍കാതെ കെ.എസ്.ഇ.ബി യുടെ സ്വന്തം ജീവനക്കാര്‍ തന്നെയാണ് തകരാര്‍ പരിഹരിക്കല്‍ ജോലികള്‍ ചെയ്യുന്നത്. വൈദ്യുതി ബോര്‍ഡില്‍ പൊതു സ്ഥലമാറ്റത്തിന്റെ സമയമായതിനാല്‍, പ്രോജക്ട് മേഖലയില്‍ തന്നെ പിടിച്ചുനില്‍ക്കാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കരുനീക്കത്തിന്റെ ഭാഗം കൂടിയാണ് ജോലികള്‍ വച്ചുതാമസിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
12 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ചെങ്കുളം പവര്‍ ഹൗസിലുള്ളത്. 48 മെഗാവാട്ടായിരുന്നു പൂര്‍ണ ഉത്പാദന ശേഷി. വിവാദമായ ലാവ്‌ലിന്‍ നവീകരണത്തില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് ചെങ്കുളം. നവീകരണപ്രവര്‍ത്തനങ്ങളില്‍ സര്‍ജ്, പെന്‍സ്റ്റോക്ക് ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നവീകരണത്തെത്തുടര്‍ന്ന് 12.8 മെഗാവാട്ട് വീതമാണ് ഓരോ ജനറേറ്ററിന്റേയും ഇപ്പോഴത്തെ ശേഷിയെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്.
ചെങ്കുളം പദ്ധതിയില്‍ വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളം എത്തുന്നത് ചെങ്കുളം അണക്കെട്ടില്‍ നിന്നാണ്. പള്ളിവാസല്‍ പദ്ധതിയില്‍ ഉല്‍പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് ചെങ്കുളം അണക്കെട്ടില്‍ എത്തുന്നത്. പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ടെയില്‍ റെയ്‌സിനേക്കാള്‍ 10 മീറ്റര്‍ ഉയരത്തിലാണ് ചെങ്കുളം അണക്കെട്ടിന്റെ സ്ഥാനമെന്നതിനാല്‍ വെള്ളം പമ്പ് ചെയ്താണ് ചെങ്കുളത്ത് ജലവിതാനം നിലനിര്‍ത്തുന്നത്. പവര്‍ ഹൗസില്‍ ഉല്‍പ്പാദനം നിലച്ചതിനാല്‍ നിലവില്‍ ചെങ്കുളം അണക്കെട്ട് നിറഞ്ഞുകിടക്കുകയാണ്. അതിനാല്‍ പള്ളിവാസലില്‍ നിന്നും ഉല്‍പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം പാഴാകുകയാണ്. അടുത്ത കാലവര്‍ഷത്തിന് ഇനി 45 ദിവസം കൂടിയാണ് ശേഷിക്കുന്നത്. മഴക്കാലത്തിന് മുന്‍പ് ചെങ്കുളം പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ നഷ്ടം ഭീമമായിരിക്കും.
ചെങ്കുളം പവര്‍ ഹൗസില്‍ ഉല്‍പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം പന്നിയാര്‍ പവര്‍ ഹൗസിലാണ് എത്തുന്നത്. ചെങ്കുളം ഷട്ട്ഡൗണിലായതിനാല്‍ ഇപ്പോള്‍ പന്നിയാര്‍ പവര്‍ ഹൗസ് പൂര്‍ണമായും ആശ്രയിക്കുന്നത് പൊന്മുടി അണക്കെട്ടിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."