പരിയാരം മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ഭരണസമിതി 23ന് ചുമതലയേല്‍ക്കും
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23ന് ചുമതലയേല്‍ക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സി. രവീന്ദ്രന്‍, ഡോ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് 23ന് ചുമതലയേല്‍ക്കുക. ഇതുസംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളജ് എം.ഡി കെ. രവിക്ക് ലഭിച്ചു.
താല്‍ക്കാലിക ഭരണസമിതിക്ക് ആറുമാസക്കാലം തുടരാമെങ്കിലും അതിന് മുന്‍പുതന്നെ സ്ഥിരം സമിതി നിലവില്‍വരും. ഡോ.സി. രവീന്ദ്രന്‍ മെഡിക്കല്‍ കോളജിന്റെ പ്രഥമ ഡയറക്ടറായി നിയമിതനാകുമെന്നാണ് സൂചന. ഡോ.പ്രദീപ്കുമാറിന് ആശുപത്രിയുടെ ഭരണചുമതലയും ലഭിച്ചേക്കും. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിന് മുന്‍പായി രോഗികള്‍ക്ക് ചികിത്സാ ഇളവുകളെകുറിച്ചും വിദ്യാര്‍ഥികളുടെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും ഡോ.കെ. നാരായണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയെ നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നിലവിലുള്ള എല്ലാ ജീവനക്കാരേയും നിലനിര്‍ത്തുമെങ്കിലും താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിഭാഗത്തേയും ഒഴിവാക്കും. ഓര്‍ഡിനന്‍സിന്‍മേലുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് നിയമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബില്ല് അവതരിപ്പിക്കുമ്പോള്‍ പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറാനുള്ള സാധ്യതയും ഏറെയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നിലവിലുളള പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയുടെ അവസാനത്തെ യോഗം 21ന് രാവിലെ 11ന് ചേരും. 23ന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ ഭരണസമിതി ചുമതല ഏറ്റെടുക്കാനിരിക്കെയാണ് നിലവിലുള്ള ഭരണസമിതി യോഗം ചേരുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ ഭരണസമിതി സാങ്കേതികമായി ഇല്ലാതായെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."