ദലിത് പീഡനം: പരാതി നല്‍കിയ ജീവനക്കാരനെ മാറ്റി
തിരുവനന്തപുരം: ജാതീയ പീഡനം ആരോപിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ പരാതി നല്‍കിയ സെക്രട്ടേറിയറ്റിലെ ദലിത് ജീവനക്കാരനെ സ്ഥലം മാറ്റി. പൊതുഭരണ വകുപ്പിലെ അറ്റന്‍ഡര്‍ ദേവദാസിനെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് മാറ്റിയത്. എന്നാല്‍ ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരേ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ബിശ്വനാഥ് സിന്‍ഹ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ദേവദാസ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നത്. എച്ചില്‍ പാത്രം കഴുകാനും മേശപ്പുറത്തുനിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തുടച്ചുമാറ്റാനും ആവശ്യപ്പെടുക, ഇതു ചെയ്യാതിരുന്നാല്‍ മേശപ്പുറത്ത് വെള്ളം തൂവി തുടയ്ക്കാന്‍ പറയുക, താന്‍ കസേരയില്‍ ഇരിക്കുന്നതു കാണുമ്പോള്‍ കടലാസുകള്‍ നിലത്തിട്ട് പെറുക്കിയെടുക്കാന്‍ പറയുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. തന്നെ മറ്റേതെങ്കിലും വിഭാഗത്തിലേക്കു മാറ്റണമെന്ന് ദേവദാസ് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ദേവദാസിന്റെ പരാതി വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലംമാറ്റാന്‍ ബിശ്വനാഥ് സിന്‍ഹ നിര്‍ദേശിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ മറ്റൊരു വിഭാഗത്തിലേക്കു മാറ്റണമെന്ന ദേവദാസിന്റെ അഭ്യര്‍ഥന സ്വീകരിക്കുകയാണ് ചെയ്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം, ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതെ പരാതിക്കാരനായ കീഴുദ്യോഗസ്ഥനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സര്‍വിസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ അടിമത്വം അംഗീകരിക്കില്ലെന്നു പറയുന്ന ലഘുലേഖ പുറത്തിറങ്ങിയിട്ടുണ്ട്. ബിശ്വനാഥ് സിന്‍ഹയോട് ഇതുവരെ വിശദീകരണം തേടാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."