കാക്കി ക്രിമിനലുകളെ മെരുക്കാന്‍ ജില്ലാ പൊലിസ് മേധാവി
കൊച്ചി: ക്രിമിനല്‍ കേസില്‍ പ്രതികളാകുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണവും നടപടിയും തീരുമാനിക്കാനുള്ള ചുമതല ഇനി ജില്ലാ പൊലിസ് മേധാവികള്‍ക്ക്.
ഇന്റേണല്‍ എ.ഡി.ജി.പിയുടെ അധികാരങ്ങളാണ് ജില്ലാ പൊലിസ് മേധാവികള്‍ക്ക് കൈമാറുന്നത്. കസ്റ്റഡി മരണങ്ങളിലും മൂന്നാംമുറ പ്രയോഗത്തിലും ഉള്‍പ്പെട്ട് പൊലിസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സംസ്ഥാന പൊലിസ് മേധാവിയുടെ പുതിയ നിര്‍ദേശം.
ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കെയാണ് പുതിയനീക്കം. കേരള പൊലിസ് ആക്ടിലെ 86ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാനാണ് ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പൊലിസ് മേധാവിയോടും നിര്‍ദേശിച്ചത്. നടപടി എടുത്തത് സംബന്ധിച്ചു 30 ദിവസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവില്‍ എന്ത് നടപടി എടുക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി പൊലിസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്രമസമാധാന ചുമതല വഹിക്കുന്നുണ്ട്. രാഷ്ട്രീയ തീരുമാനംകൂടി അനുകൂലമായാല്‍ മാത്രമേ ഇവര്‍ക്കെതിരേ നടപടിക്ക് സാധ്യതയുള്ളൂ. ഇതിനിടെയാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്. ഇതു ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷയായി മാറും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കേസുകള്‍ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധിക്കുക. ഇന്റേണല്‍ എ.ഡി.ജി.പിക്ക് തുടര്‍നടപടികള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നതും ഈ സമിതിയാണ്.
2011 ല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പൊലിസിലെ ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ തീരുമാനിച്ചത്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു സമിതി അധ്യക്ഷന്‍. വിവരങ്ങള്‍ ശേഖരിച്ചു കൈമാറേണ്ട ചുമതല ജില്ലാ പൊലിസ് മേധാവിക്കായിരുന്നു. പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ ആദ്യം വാച്യാന്വേഷണം (ഓറല്‍ എന്‍ക്വയറി) നടത്തും. ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ സി.ഐ റാങ്കിലുള്ളവര്‍ക്കായിരുന്നു അന്വേഷണച്ചുമതല. സി.ഐയോ ഡിവൈ.എസ്.പിയോ പ്രതികളായ കേസില്‍ ഡി.ജി.പി നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു അന്വേഷണച്ചുമതല.
എല്ലാ വര്‍ഷവും ജൂലൈ ഒന്നിനും ജനുവരി ഒന്നിനുമാണ് പൊലിസിലെ ക്രിമിനലുകളുടെ കണക്കെടുപ്പ് നടക്കുന്നത്. ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളില്‍ ചേരുന്ന പ്രത്യേകസമിതിയാണ് ക്രിമിനല്‍ പൊലിസുകാര്‍ക്കെതിരേ എന്തു നടപടി വേണമെന്ന് തീരുമാനിക്കുന്നത്. ശുപാര്‍ശ സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിക്കും. ഡി.ജി.പിയുടെ പുതിയ നിര്‍ദേശം അനുസരിച്ച് ക്രിമിനല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കേണ്ട കാര്യങ്ങളെല്ലാം ജില്ലാ പൊലിസ് മേധാവി നയിക്കുന്ന സമിതിക്ക് തീരുമാനിക്കാം.
ഇന്റേണല്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്നുവന്ന നടപടിക്രമങ്ങള്‍ മാറുന്നതോടെ ക്രിമിനല്‍ പൊലിസുകാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണ്. തങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്ന സ്‌പെഷല്‍ സ്‌ക്വാഡ്, ഷാഡോ പൊലിസ് ടീമുകള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ രക്ഷിച്ചെടുക്കേണ്ട ബാധ്യത ജില്ലാ പൊലിസ് മേധാവികള്‍ക്കുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ സാധാരണ നല്ലനടപ്പു മാത്രമാണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."