കുടിവെള്ള ക്ഷാമം: നഗരവാസികള്‍ വെള്ളത്തിനായി നെട്ടോട്ടത്തില്‍
ചങ്ങനാശേരി: വേനല്‍ കനത്തതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
സാധാരണ അവസരങ്ങളില്‍ പോലും പ്രദേശത്ത് പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്തുന്നത് വളരെ കുറച്ചു സമയത്തേക്കുമാത്രമായിരുന്നു. വേനല്‍കൂടി ശക്തമായതോടെ കുടിവെള്ള പൈപ്പിലും വീടുകളിലേക്കെടുത്തിരിക്കുന്ന കണക്ഷനുകളിലും ജലം ലഭിക്കാത്ത അവസ്ഥയാണ്. രണ്ടാഴ്ചയിലേറെയായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തുന്നില്ല. പ്രദേശവാസികള്‍ കുഴല്‍കിണര്‍ വെള്ളത്തെയും കുപ്പി വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. കിലോ മീറ്ററുകള്‍ സഞ്ചരിച്ച് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണിവിടെ.
ഗ്രാമങ്ങളില്‍ വേനല്‍ ശക്തമായതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ വെള്ളം ശേഖരിക്കാനാവുവെന്നതാണ് അവസ്ഥ. നഗരത്തില്‍ സ്റ്റേഡിയം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്.
വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരോടു ജലക്ഷാമം സംബന്ധിച്ച പരാതിപ്പെടുമ്പോള്‍ തങ്ങളുടെ നിസഹായ അവസ്ഥ പരാതിക്കാര്‍ക്കു മുന്നില്‍ തുറന്നുകാട്ടുകയാണ് അധികൃതര്‍ ചെയ്യുന്നത്. റവന്യൂ വകുപ്പാണ് ജലക്ഷാമം അനുഭവപ്പെടുമ്പോള്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ കുടുവെള്ള വിതരണം നടത്തേണ്ടതെന്നാണു ഇവര്‍ പറയുന്നത്. റവന്യൂ അധികൃതര്‍ വേനല്‍ രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്നോട്ടുപോയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കുടിവെള്ള ക്ഷാമം കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലും ചര്‍ച്ചാ വിഷയമായിരുന്നു. ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."