അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍ കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു
തൊടുപുഴ: ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അന്തര്‍ദ്ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിലെ കായികതാരങ്ങള്‍ മെഡല്‍ നേടുക എന്ന ലക്ഷ്യം നേടുന്നതിന് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു.
2016-17, 2017-18 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുളള 14 വയസ്സ് മുതല്‍ 23 വയസുവരെ പ്രായമുളള കായിക താരങ്ങളെയാണ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ഈ കാലയളവില്‍ വര്‍ഷത്തില്‍ അത്ലറ്റിക്സ്, വോളീബോള്‍ (പുരുഷവനിത), ഫുട്ബോള്‍ (പുരുഷ) കായിക ഇനങ്ങളില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുളള കായിക താരങ്ങള്‍ക്കാണ് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുളളത്.ഫുട്ബോളില്‍ പുരുഷന്മാര്ക്കുളള സെലക്ഷന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലും, വോളീബോള്‍ പുരുഷവനിത വിഭാഗങ്ങള്‍ക്കുളള സെലക്ഷന് കൊച്ചി റിഫൈനറി ഇന്‍ഡോര്‍ കോര്‍ട്ടിലും 21 ന് നടക്കും. ഫുട്ബോള്‍, വോളീബോള്‍ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ളവരായിരിക്കണം.
അത്ലറ്റിക്സ് കായികയിനത്തിലെ സെലക്ഷന് 28 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും.അത്ലറ്റിക്സ് കായിക ഇനത്തില്‍ 100, 200, 400, 800, 1500, ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന് ട്രയല്‍സ് നടത്തുന്നത്. ദേശീയ മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ (സ്വര്‍ണ്ണം, വെള്ളി, വെങ്കലം) നേടുന്നതാണ് അത്ലറ്റിക്സ് വിഭാഗത്തില്‍ പങ്കെടുക്കാനുളള മിനിമം യോഗ്യത.
ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള കായികതാരങ്ങള്‍ അന്നേ ദിവസം രാവിലെ എട്ടിന് ബന്ധപ്പെട്ട സെന്ററുകളില്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."