സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന ദിനത്തില്‍ പുതു പദ്ധതികളുമായി സാക്ഷരതാ മിഷന്‍
തൊടുപുഴ: സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി നൂതന പദ്ധതികളുമായി സാക്ഷരതാ മിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലില്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ കൂടി സഹകരണത്തോടെ സാക്ഷരതാമിഷന്‍ അക്ഷരവെളിച്ചം പകരുന്നത്.സമഗ്ര, നവചേതന എന്നീ പേരുകളിലാണ് ആദിവാസിസാക്ഷരത തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ പല കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടവരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക, ഇവരുടെ സാമൂഹ്യ പിന്നാക്കവസ്ഥയും ജീവിതസ്ഥിതിയും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതികള്‍ മുന്നോട്ട് വെക്കുന്നത്.
പട്ടികവര്‍ഗം, ആദിവാസിവിഭാഗങ്ങളിലെ നിരക്ഷരത നിര്‍മാര്‍ജ്ജനം ചെയ്യുക, അവരെ തുടര്‍വിദ്യാഭ്യാസത്തിലൂടെ പുരോഗതിയില്‍ എത്തിക്കുക എന്നിവയാണ് സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, അടിമാലി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, വെള്ളിയാമറ്റം, കാഞ്ചിയാര്‍, കുമിളി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ ആദിവാസി കോളനികളാണ് പ്രാരംഭത്തില്‍ സമഗ്ര പദ്ധതിയുടെ ഗുണഭോക്താക്കളാകുക.
ഇവര്‍ക്കിടയില്‍ നടത്തിയ സര്‍വേകളിലൂടെ നിരക്ഷരര്‍, സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍ എന്നിവരെ കെണ്ടെത്തിയാണ് സമഗ്രയിലെ പഠിതാക്കളാക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസമാണ് നവചേതന ലക്ഷ്യമിടുന്നത്. ജില്ലയിലെ വണ്ണപ്പുറം, പീരുമേട്, ഉപ്പുതറ, കാന്തല്ലൂര്‍, അടിമാലി എന്നീ പഞ്ചായത്തുകളിലെ കോളനികളാണ് നവചേതന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായവരാണ് സമഗ്ര, നവചേതന പദ്ധതികളുടെ പ്രേരക്, ഇന്‍സ്ട്രക്ടര്‍മാരാകുന്നത്. ഇവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. പഠിതാക്കളാകുന്നവര്‍ക്കുള്ള പഠനോപകരണങ്ങളും സാക്ഷരതാമിഷന്‍ നല്‍കുന്നു്. പദ്ധതിയുടെ ആദ്യ ഘട്ടം അഞ്ചോ ആറോ മാസം തുടരും. ഈ സമയം നിരക്ഷരായവര്‍ക്കുള്ള സാക്ഷരതാ ക്ലാസുകളാണ് സംഘടിപ്പിക്കുക.
കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപന വാര്‍ഷികമായ ഇന്നലെ സമഗ്ര, നവചേതന പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ തുര്‍പഠനം പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ബെറ്റര്‍ എഡ്യുക്കേഷന്‍ പദ്ധതിക്കായുള്ള ഈ വര്‍ഷത്തെ അപേക്ഷകള്‍ അതത് പഞ്ചായത്തില്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിഷ്ണു കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, വിനു, അമ്മിണി ജോസ്, സമഗ്ര പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."