വൈറ്റിലയിലെ ഗതാഗതക്കുരുക്ക്: പൊതുജനാഭിപ്രായം തേടി ജില്ലാ ഭരണകൂടം
കൊച്ചി: മേല്‍പാലം നിര്‍മാണത്തെ തുടര്‍ന്ന് വൈറ്റില ജങ്ഷനില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായി പൊതുജനാഭിപ്രായം തേടി ജില്ലാ ഭരണകൂടം ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നു.
23ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കലക്ടറേറ്റില്‍ നടത്തുന്ന ഓപ്പണ്‍ഹൗസില്‍ ആര്‍ക്കും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. ഇവയുടെ അടിസ്ഥാനത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
മേല്‍പാലം നിര്‍മാണം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയത്. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളെ കുറിച്ചും പുതുതായി നടപ്പാക്കാവുന്ന പരിഷ്‌കാരങ്ങളെ കുറിച്ചും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ടാകും.
വൈറ്റില ജങ്ഷനിലെ ഗതാഗതം സുഗമമാക്കുന്നതിനായി തമ്മനം റോഡിലേക്കുള്ള സിഗ്‌നല്‍ ജങ്ഷന്‍ അടച്ചതായി കലക്ടര്‍ അറിയിച്ചു. ഇവിടെ യു ടേണ്‍ അനുവദിക്കില്ല.
വൈറ്റില ജങ്ഷന്‍, കടവന്ത്ര എന്നിവിടങ്ങളില്‍ നിന്നും മൊബിലിറ്റി ഹബ്ബിലേക്കും എരൂര്‍ ഭാഗത്തേക്കുമുള്ള ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പുന്നുരുന്നി റെയില്‍വെ അണ്ടര്‍പാസിലൂടെ സര്‍വീസ് റോഡില്‍ പ്രവേശിച്ച് ഹബ്ബിലേക്ക് പോകണം. ആര്‍.എസ്.എ.സി റോഡിലൂടെയും വാഹനങ്ങള്‍ക്ക് കണിയാമ്പുഴ റോഡിലേക്ക് പ്രവേശിക്കാം. ഈ റോഡിലൂടെയുള്ള ഗതാഗതം വണ്‍വെ ആക്കിയിട്ടുണ്ട്.
കണിയാമ്പുഴ ഭാഗത്തു നിന്നും വരുന്ന കടവന്ത്ര, അരൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് റോഡിലൂടെ കയറി ഹബ്ബില്‍ നിന്നും ബസുകള്‍ പുറത്തേക്ക് പോകുന്ന ഭാഗത്തെത്തി പോകണം. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി വൈറ്റില ജങ്ഷനില്‍ പാലാരിവട്ടം ഭാഗത്ത് സര്‍വീസ് റോഡ് പ്രധാന റോഡില്‍ സന്ധിക്കുന്നതിനടുത്തുള്ള രണ്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കും. അരൂര്‍ ഭാഗത്ത് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."