പഞ്ചായത്ത് കൈയേറിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് സ്ഥലമുടമ
വടകര:തിരുവള്ളൂര്‍ പഞ്ചായത്തിലെ ചാനിയം കടവ് റോഡില്‍ റഹ്മാനിയ പള്ളിക്കടുത്ത് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന ചിരികണ്ടോത്ത് പറമ്പ് കൈയേറി റോഡ് നിര്‍മിച്ച നടപടിക്കെതിരെ സ്ഥലമുടമ രംഗത്ത്.
ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടി പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നിര്‍മിച്ച റോഡിന് വേണ്ടി കൈയേറിയ മൂന്ന് സെന്റ് സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് തിരുവള്ളൂരിലെ ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റീ സര്‍വെ 2133ല്‍പ്പെട്ട 42 സെന്റ് ഭൂമിയില്‍ നിന്നും താന്‍ വീട്ടിലില്ലാത്ത സമയത്ത് തന്റെ സമ്മതമില്ലാതെയാണ് പഞ്ചായത്ത് കൈയേറി റോഡ് നിര്‍മിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. മറുഭാഗത്തു നിന്നും ഒരിഞ്ചു ഭൂമി പോലും എടുക്കാതെ അറുപത് മീറ്ററോളം നീളത്തില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ സ്ഥലം കൈയേറിയിട്ടുണ്ടെന്ന് ഇബ്രാഹിം ഹാജി ആരോപിച്ചു.
ഗ്രാമസഭ പോലും ചര്‍ച്ച ചെയ്ത് അംഗീകരിക്കാത്ത ഈ റോഡിനു ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നുണ്ടെങ്കിലും റോഡ് നിര്‍മാണത്തിന് വേണ്ടി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതായും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍, റൂറല്‍ എസ്.പി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ഇബ്രാഹിം ഹാജി ആരോപിച്ചു.
ഇത് സംബന്ധിച്ച് 2017 ഫെബ്രവരി 22ന് തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് മറുപടി ലഭിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച മറുപടി പരിഹസിക്കുന്ന രൂപത്തിലാണ്.
പരാതിക്കാധാരമായ വസ്തുവിന്റെ പടിഞ്ഞാറ് ഭാഗം നിലവിലുണ്ടായിരുന്ന ആണിച്ചാല്‍ നികത്തി വീട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നും അതിനാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ആയതിനാല്‍ തന്റെ സ്ഥലം പൂര്‍വ സ്ഥിതിയിലാകുന്നത് വരെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."