നിലമ്പൂര്‍-നഞ്ചന്‍കോട് പാത: റെയില്‍ ട്രാക് എസ്‌കേപ്പ് മാജിക് പൊലിസ് തടഞ്ഞു
നിലമ്പൂര്‍: നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ് കുമാര്‍ നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ റെയില്‍ ട്രാക് എസ്‌കേപ് മാജിക് പ്രകടനം വേറിട്ടതായി. പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ചങ്ങലയില്‍ പൂട്ടുകളിട്ട് ബന്ധിച്ച നിലയില്‍ പ്രദീപ്കുമാറിനെ പാളത്തില്‍ കിടത്താനായിരുന്നു തീരുമാനം. ട്രെയിന്‍ വരുമ്പോള്‍ സ്വയം രക്ഷപ്പെടുന്നതാണ് മാജിക്. ചങ്ങലയില്‍ ബന്ധസ്ഥനായ പ്രദീപ്കുമാറിനെ സഹപ്രവര്‍ത്തകര്‍ ചുമലിലേറ്റി റെയില്‍പാളത്തിലേക്ക് കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ സ്‌റ്റേഷന്‍ കവടാത്തില്‍ ആര്‍.ടി.എഫ് ഷൊര്‍ണ്ണൂര്‍ സി.ഐ മനോജ്കുമാര്‍ യാദവ്, എസ്.ഐ യു.രമേശ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു.
അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തിലാണ് പ്രതീകാത്മകമായി മാജിക് നടത്തിയത്. നിലമ്പൂര്‍-നെഞ്ചന്‍കോട് പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കാംപയിന്റെ ഭാഗമായാണ് പ്രദീപ്കുമാര്‍ മാജിക് സംഘടിപ്പിച്ചത്. പരിപാടി അവതരിപ്പിക്കുന്നതറിഞ്ഞ് ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ വന്‍ റെയില്‍വേ പൊലിസ് സന്നാഹവമാണ് റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചത്. മാജിക് അവതരിപ്പിക്കുന്നതിന് സഹകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും റെയില്‍വേ പരിധിയില്‍ അനുവദിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മാജിക് പ്രകടനത്തിന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ യു.നരേന്ദ്രന്‍, ടി.കെ അശോക് കുമാര്‍, ജോഷ്വാ കോശി, ബിനോയ് പാട്ടത്തില്‍ എന്നിവരും നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.ഹംസ, കൗണ്‍സില്‍മാരായ എ.ഗോപിനാഥ്, പി.എം ബഷീര്‍, മുംതാസ് ബാബു, ഡെയ്‌സി ചാക്കോ എന്നിവരും എത്തിയിരുന്നു.
ശരീരം മുഴുവന്‍ ചങ്ങലകളിട്ട് വിവിധ പ്രതിനിധികള്‍ പൂട്ടി താക്കോലുകള്‍ കൈവശം വച്ചു. പിന്നീട് കറുത്ത തുണിയില്‍ മറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടുകള്‍ തുറന്ന് മജീഷ്യന്‍ പുറത്തുകടക്കുകയും ചെയ്തു. ഓടിവരുന്ന തീവണ്ടി മുന്നില്‍ മാജിക് പ്രകടനം നടത്താനായില്ലെങ്കിലും നാടിന്റെ ആവശ്യത്തിനായി തന്റെ കലാപ്രകടനം അവതരിപ്പിക്കാനായതില്‍ മജീഷ്യന്‍ പ്രദീപ് കുമാര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മലയാളി മാജിക് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്ന മാജിക് പ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."