നവമാധ്യമങ്ങളുടെ ദുരുപയോഗം വര്‍ധിക്കുന്നു: കെ.വി സുമേഷ്
കണ്ണൂര്‍: നവമാധ്യമങ്ങളുടെ ദുരുപയോഗം വര്‍ധിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും സമഗ്ര, നവചേതന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മതം നോക്കി പ്രതിഷേധത്തിന് പോലും വര്‍ഗീയമായ മുഖം നല്‍കുകയാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സാങ്കേതികവിദ്യ അറിയാത്തവരാണ് പുതിയ കാലത്തെ നിരക്ഷരര്‍. അതിനാല്‍ സാങ്കേതികവിദ്യ പഠിപ്പിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള പരിശീലനം സാക്ഷരതാമിഷന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആദിവാസി സാക്ഷരതാ പദ്ധതി സമഗ്രയുടെയും പട്ടികജാതി സാക്ഷരതാ പദ്ധതി നവചേതനയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരായ പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, വി.ആര്.വി ഏഴോം, ഡോ. ജി. കുമാരന് നായര്‍, ബാലകൃഷ്ണന് കൂത്തുപറമ്പ്, പി.കെ കുഞ്ഞിക്കണ്ണന് ആറളം, മുകുന്ദന് പായം, എന്‍. അശോകന് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. മികച്ച രജിസ്ട്രേഷന് നടത്തിയ പ്രേരക്മാരായ പുഷ്പലത നടുവില്‍, പുഷ്പ പി ചപ്പാരപ്പടവ്, ഷജിത ചിറക്കല്‍, ഷീല വി.പി മാടായി, രാധാമണി മാത്തില്‍ എന്നിവര്‍ക്കുള്ള പുരസ്കാരം പി.പി ദിവ്യ സമര്‍പ്പിച്ചു. കെ.പി ജയബാലന്‍, ടി.ടി റംല, വി.കെ സുരേഷ് ബാബു, അജിത് മാട്ടൂല്‍, കെ.വി ഗോവിന്ദന്, പി.യു രമേശന്, ഷാജൂ ജോണ്‍, എം. മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."