ജില്ലയില്‍ മൂന്നിടത്ത് അപകടം; ഒരാള്‍ക്ക് പരുക്ക്
ചാവക്കാട്: എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്നലെ രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.
ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി കാലില്‍ ഇടിച്ച് 100 മീറ്ററുകളോളം പോസ്റ്റും കമ്പികളും വലിച്ചു കൊണ്ടുപോയി. നിരവധി പ്രഭാത സവാരിക്കാര്‍ ഉള്ള സമയമായിരുന്നു അപകടം. അപകടസ്ഥലത്ത് ആരും തന്നെ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. കോഴിക്കോട് നിന്നും ചരക്കുമായി ഏറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ആര്‍ക്കും പരുക്കുകളില്ല. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലോറിയില്‍ തൂങ്ങിക്കിടന്നിരുന്ന പോസ്റ്റും കമ്പികളും മാറ്റി. പുതിയ പോസ്റ്റ് സ്ഥാപിച്ചു വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പുതുക്കാട്: ദേശീയപാതയിലേക്ക് അശ്രദ്ധമായി കടന്ന ബൈക്കില്‍ കാറിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ചിറ്റിശ്ശേരി സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. ഇയാളെ പുതുക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്‍പിലായിരുന്നു അപകടം.
അപകടത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. അപകടത്തില്‍ തകരാറിലായ കാര്‍ ക്രൈയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്. പുതുക്കാട് പൊലിസ് സ്ഥലത്തെത്തി.
പുതുക്കാട്: ദേശീയപാത നന്തിക്കരയില്‍ പെട്രോള്‍പമ്പിന് മുന്നിലുള്ള കുഴിയില്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞു. പത്തടി താഴ്ചയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ ഒല്ലൂര്‍ സ്വദേശി പാണഞ്ചേരി ഷൈജു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
മുന്‍പില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് അപകടത്തിന് കാരണം. കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞത്. ഒല്ലൂരില്‍ നിന്ന് മാളയിലുള്ള മരകമ്പനിയിലേക്ക് അറക്കവാളുകള്‍ കൊണ്ടു പോയിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."